സ്വന്തം ലേഖകന്‍
കോഴിക്കോട്: തൃശൂരില്‍ തെരഞ്ഞെടുപ്പിനു ചെലവഴിക്കാനായി കണക്കില്‍പ്പെടാത്ത പണമെത്തിച്ചത് മംഗലാപുരത്തുനിന്നെന്ന് ആരോപണം.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടു മുമ്പുള്ള ദിവസമാണ് കോടികളുടെ കള്ളപ്പണം മംഗലാപുരത്തുനിന്ന് കേരളത്തിലെത്തിയതെന്നാണ് ആരോപണം.
പണവുമായെത്തിയ സംഘം കോഴിക്കോട്ടെ ഹോട്ടലില്‍ തങ്ങുകയും ചെയ്തു. പത്തു കോടി രൂപയോളം ഈ സംഘത്തിന്റെ കൈവശമുണ്ടായിരുന്നതായും ഇവ രണ്ടാക്കി മാറ്റി യാത്ര തുടരാനുമായിരുന്നു തീരുമാനം. ഇപ്രകാരം കാറില്‍ പണവുമായി പോകുന്നതിനിടെയാണ് ഗുണ്ടാസംഘം തട്ടിയെടുത്തതെന്നാണ് ആരോപണം.
പരാതി കൊച്ചിയിലേക്ക്
ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ വെളിപ്പെടുത്തി. ഇന്നലെ കോഴിക്കോട് ഓഫീസിലെത്തിയാണ് വിവരം കൈമാറിയത്. സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പരാതി ഇ-മെയില്‍ ചെയ്തിരുന്നു.
നേരിട്ടെത്തി കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനായാണ് ഇന്നലെ കോഴിക്കോട് ഓഫീസില്‍ എത്തിയത്. അതേസമയം പരാതി കൊച്ചിയിലെ ഓഫീസിലേക്കു കൈമാറി. കൊച്ചി ഓഫീസില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായും പരാതിയും മൊഴിയും ഫയല്‍ ചെയ്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
അടുത്ത ദിവസം ഡെപ്യുട്ടി ഡയറക്ടര്‍ എത്തിയാല്‍ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചതെന്ന് സലീം മടവൂര്‍ പറഞ്ഞു.
ചോദ്യം ചെയ്യും
അതേസമയം , കോഴിക്കോട്ടെ ഹോട്ടലില്‍ പണവുമായെത്തിയ സംഘം തങ്ങിയെന്ന വിവരത്തത്തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം പരിശോധിക്കുന്നുണ്ട്.
എന്നാൽ, പണമെത്തിച്ച ദേശീയ പാര്‍ട്ടി ഏതെന്നതു സംബന്ധിച്ചു കേസന്വേഷിക്കുന്ന തൃശൂര്‍ റൂറല്‍ പോലീസ് ഇനിയും രേഖയിൽ പറഞ്ഞിട്ടില്ല. അതേസമയം, പിന്നിൽ ബിജെപിയാണെന്ന ആരോപണവുമായി സിപിഎം രംഗത്തുവന്നിട്ടുണ്ട്.
പിടിയിലായവര്‍ ആര്‍ക്കു കൊണ്ടുവന്ന പണം എന്നതിൽ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ചാലക്കുടി ഡിവൈഎസ്പി ജിജിമോന് രാഷ്ട്രദീപികയോടു പറഞ്ഞു.