പണി ഏതായാലും കുഴപ്പമില്ല, കൂലി കിട്ടിയാല്‍ മതി! കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ തന്ത്രവുമായി കൊടുവള്ളിയിലെ മാഫിയ; രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും

CASHകോഴിക്കോട്: കുഴല്‍പ്പണത്തിന് പേരുകേട്ട കൊടുവള്ളിയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ തന്ത്രവുമായി മാഫിയ. വലിയ തുക ഒറ്റയടിക്ക് മാറ്റി വാങ്ങാന്‍ കഴിയാത്തതിനാല്‍ ഇതരദേശക്കാരെ ഉപയോഗിച്ചാണ് ഇവിടെ കള്ളപ്പണം വെളുപ്പിക്കുന്നത്. നോട്ട് ക്ഷാമം രൂക്ഷമായതോടെ ഇതരദേശക്കാര്‍ക്ക് പണിയും ഇല്ലാതായിട്ടുണ്ട്. ഇത് മുതലാക്കിയാണ് കുഴല്‍പ്പണ മാഫിയ കൊടുവള്ളിയില്‍ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നത്.

പണിയില്ലാത്ത ഇതരദേശക്കാരെ രാവിലെ തന്നെ അവരുടെ ക്യാമ്പിലെത്തി പണി നല്‍കുകയാണ് കുഴല്‍പ്പണ ഇടപാടുകാര്‍. ബാങ്കില്‍ വരി നില്‍ക്കലാണ് പുതിയ പണി. നാലായിരം രൂപ മാറ്റി വന്നാല്‍ 200 രൂപ വരെ ഇവര്‍ക്ക് നല്‍കും.

ഇത് ഇതരദേശക്കാര്‍ക്കും വലിയ ആശ്വാസമായതിനാല്‍ ഇവര്‍ യാതൊരു മടിയും കൂടാതെ രാവിലെ തന്നെ ബാങ്കില്‍ വരി നില്‍ക്കാന്‍ എത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വിരലില്‍ മഷി പുരട്ടാന്‍ തുടങ്ങിയതോടെ കുഴല്‍പ്പണക്കാര്‍ വീണ്ടും വെട്ടിലായി. ഇന്നലെ മുതല്‍ ഇതരദേശക്കാരെ നാട്ടിലേക്ക് അയച്ച് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനുള്ള നടപടിയും തുടങ്ങിയതായാണ് വിവരം.

കുഴല്‍ ഇടപാട് നടത്തുന്ന ഏജന്റുമാര്‍ മുഖേനയാണ് ഇതരദേശക്കാരെ നാട്ടിലേക്കയയ്ക്കുന്നത്. ഇതിനാല്‍ തന്നെ ഇവര്‍ പണവുമായി മുങ്ങുമെന്ന ഭയവും കഴല്‍പ്പണ ഇടപാടുകാര്‍ക്കില്ല. അവര്‍ അറിയാതെ തന്നെ കുഴല്‍പ്പണ കാരിയര്‍മാരാക്കുകയാണ് കള്ളപ്പണ മാഫിയ. കൊടുവള്ളിയില്‍ നോട്ട് നിരോധനം വലിയ തോതില്‍ ബാധിച്ചിരുന്നില്ല.

ഇവിടേക്ക് ഒഴുകിയെത്തുന്ന കള്ളപ്പണം വെളുപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും പിന്തുണയും മാഫിയയ്ക്ക് ലഭിക്കുന്നുണ്ട്. ധാരാളം ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്ന കൊടുവള്ളി കുഴല്‍പ്പണം ഒഴുകുന്ന പ്രധാന കേന്ദ്രമാണെന്ന് നേരത്തെ തന്നെ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിരവധി ജ്വല്ലറികള്‍ കൊടുവള്ളിയിലുണ്ടെന്നത് തന്നെയാണ് വന്‍ തോതില്‍ കുഴല്‍പ്പണം ഇങ്ങോട്ടേക്ക് ഒഴികിയെത്താന്‍ കാരണമാകുന്നത്. സ്വര്‍ണാഭരണ ബിസിനസിന്റെ മറവില്‍ ഭൂരിഭാഗം പേരും നടത്തുന്നത് കുഴല്‍പ്പണ ഇടപാടാണെന്ന് പോലീസും സമ്മതിക്കുന്നു. കഴിഞ്ഞ മാസം കൊടുവള്ളിയില്‍ നിന്നും 45ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. കേസില്‍ ഒരു ജ്വല്ലറി ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരോ ദിവസവും കണക്കില്‍പ്പെടാത്ത ലക്ഷങ്ങളാണ് ഇവിടേക്ക് എത്താറുള്ളത്.

പല വാഹനങ്ങളിലും മാറി മാറി എത്തുന്ന കാരിയര്‍മാരെ കണ്ടെത്തുക പോലീസിന് വലിയ പ്രയാസവുമാണ്. കോടികള്‍ മറിയുന്ന ഇടപാടായ സ്വര്‍ണ കച്ചവടത്തിന്റെ പിന്‍ബലത്തില്‍ പ്രദേശത്തെ വലിയൊരു ജനവിഭാഗം കുഴല്‍പ്പണ ഇടപാടില്‍ സജീവമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അടുത്തകാലത്തായി ഏറ്റവും കൂടതല്‍ ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തത് കൊടുവള്ളിയിലായിരുന്നു.

Related posts