കട്ടപ്പന: ഒരു കോടിയുടെ കള്ളപ്പണം പിടി കൂടിയ കേസിൽ പോലീസും എൻഫോഴ്സ്മെന്റ് വകുപ്പും ഇൻകംടാക്സ് വകുപ്പും അന്വേഷണം ആരംഭിച്ചു.
പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു പിന്നിൽ പതിവായി കുഴൽപ്പണം കടത്തുന്ന വൻ സംഘമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സംഭവത്തിൽ പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഷെബീർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി പ്രതീഷ് എന്നിവരെ പോലീസ് ഇന്നലെത്തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
എന്നാൽ ഇവർ ആർക്കു വേണ്ടിയാണ് പണം എത്തിച്ചതെന്നും മറ്റുമുള്ള വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് ഒരു കോടിക്കുമേൽ കള്ളപ്പണം പിടികൂടുന്നത്.
കട്ടപ്പന ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ രാവിലെ കാറിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച ഒരു കോടി രണ്ടര ലക്ഷം രൂപ പുളിയൻമല ഹിൽടോപ്പിൽവച്ച് പിടികൂടിയത്.
കാറിൽ രഹസ്യ അറയുണ്ടാക്കി രഹസ്യമായി ഒളിപ്പിച്ചു കടത്തുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ നൗഷാദ് എന്നയാൾക്ക് കൈമാറാനായി ചെന്നൈയിൽനിന്നു കൊണ്ടുവന്ന പണമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് പിടിയിലായവർ പറഞ്ഞു. എന്നാൽ മലപ്പുറത്തേക്കാണ് പണം കൊണ്ടുപോയതെന്നാണ് സൂചന.
കാറിനുള്ളിൽ പ്ലാറ്റ്ഫോമിനടിയിൽ പ്രത്യേക അറ നിർമിച്ച് ഇതിനുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ആദ്യ പരിശോധനയിൽ അറ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം അടുത്തുള്ള സർവീസ് സ്റ്റേഷനിൽ എത്തിച്ച് റാന്പിൽ കയറ്റി നോക്കിയപ്പോഴാണ് അറ കണ്ടെത്തിയത്.
തുടർന്ന് അറുത്തു മുറിച്ച് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. പണം പിടികൂടിയ സംഭവത്തിൽ പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.