കായംകുളം: ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി മൂന്നു യുവാക്കൾ പിടിയിൽ. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ മൂന്നു യുവാക്കളാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്നും കായംകുളത്ത് വന്നിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ നസീം (42), നിസാർ (44), റമീസ് അഹമ്മദ് (47) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടി കുടിയത്.
കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള യുവാക്കൾ വൻതോതിൽ കള്ളപ്പണം ആലപ്പുഴ ജില്ലയുടെ തെക്കൻ പ്രദേശം കേന്ദ്രീകരിച്ച് കടത്തുന്നുവെന്ന് മനസിലാക്കി കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടാനായത്.
ഇവർ മൂന്നുപേരും വിദേശരാജ്യങ്ങളിൽ ജോലി നോക്കിയിരുന്നവരാണ്. നാട്ടിൽ വന്നതിനു ശേഷം ഒരു വർഷമായി ഇവർ മാസത്തിൽ രണ്ടും മൂന്നും പ്രാവശ്യം ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോയി വൻതോതിൽ കള്ളപ്പണം കടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
കായംകുളം സിഐ അരുൺ ഷാ,എസ്ഐ രതീഷ് ബാബു, എഎസ്ഐ പ്രിയ, ജയലക്ഷ്മി, ജിജാ ദേവി, അനൂപ്, സജിവ്, അഷറഫ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും റെയ്ഡിൽ പങ്കെടുത്തു.