കടുത്തുരുത്തി: 1100 ഏക്കർ തരിശു ഭൂമിയിൽ കൃഷിയിറക്കി. കോട്ടയത്തിന്റെ നെല്ലറയെന്ന പഴയ പ്രൗഢിയിലേക്കു കല്ലറ തിരികെയെത്തുന്നു. തരിശു ഭൂമിയിലും പൊന്നു വിളയിച്ചാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെൽകൃഷിയിലെ ഗതകാല പ്രൗഢിയിലേക്കു കല്ലറയെ തിരികെയെത്തിക്കുന്നത്.
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് മുഴുവൻ തരിശുനിലങ്ങളിലും കൃഷിയിറക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നാലു വർഷം മുന്പാണ്. 2016 ൽ പുതുപ്പള്ളി പാടശേഖരത്തിലാണ് കല്ലറ പഞ്ചായത്തിൽ ആദ്യമായി തരിശുപാടത്ത് കൃഷിയിറക്കുന്നത്.
പശ്ചാത്തല സൗകര്യങ്ങളുടെ കുറവ്, തൊഴിലാളിക്ഷാമം, ജലദൗർലഭ്യം, വിത്തും വളവും മറ്റു കാർഷിക ഉപകരണങ്ങളും പാടത്ത് എത്തിക്കുന്നതിനുള്ള അടിസ്ഥാന സാഹചര്യങ്ങളുടെ അപര്യാപ്തത തുടങ്ങി നിരവധി പ്രതികൂലസാഹചര്യങ്ങൾ മറികടന്നാണ് 20 പാടശേഖരങ്ങളിൽ കൃഷിയിറക്കിയത്.
പദ്ധതി ആരംഭിക്കുന്പോൾ 1280 ഏക്കർ തരിശുനിലമാണ് പഞ്ചായത്തിലുണ്ടായിരുന്നത്. 1100 ഏക്കറിൽ കൃഷിയിറക്കിയതോടെ പഞ്ചായത്തിൽ ശേഷിക്കുന്നത് 180 ഏക്കർ തരിശുപാടമാണ്. ഇവിടെയും ഉടനെ തന്നെ കൃഷിയിറക്കുമെന്നാണ് കൃഷി ഓഫീസർ പറയുന്നത്.
കല്ലറയിൽ 1,400 ഓളം കർഷകരാണ് നെൽകൃഷിയിലേക്ക് തിരിച്ചുവന്നത്. ഇവരിൽ 40 ശതമാനത്തോളം വനിതാ കർഷകരാണ്. കഴിഞ്ഞ വർഷം നെല്ല് ഉത്പാദനത്തിൽ 30 ശതമാനത്തോളം വർധനവാണ് കല്ലറയിലുണ്ടായത്. പാടശേഖരങ്ങളിലെ രാസകീടനാശിനി ഉപയോഗം 40 ശതമാനത്തോളം കുറയ്ക്കാനും കഴിഞ്ഞതായി കൃഷി വകുപ്പ് അധികൃതർ അവകാശപ്പെടുന്നു.
മൂന്ന് പ്രളയത്തെയും രണ്ടു വരൾച്ചയെയും അതിജീവിച്ചാണ് കല്ലറയിലെ നേട്ടമെന്ന പ്രത്യേകതയുമുണ്ട്. ഹരിത കേരളം മിഷൻ, കുടുംബശ്രീ മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലസേചന വകുപ്പ്, മണ്ണ് സംരക്ഷണ, മണ്ണ് പര്യവേഷണ വകുപ്പ്, വൈദ്യുതി, റവന്യൂ വകുപ്പുകളും ഏജൻസികളും പദ്ധതിയിൽ പങ്കാളികളായി.
കെഎൽഡിസി, കുട്ടനാട് പാക്കേജ്, ദുരന്ത നിവാരണ ഫണ്ട് തുടങ്ങിയവയിൽ നിന്നുള്ള സഹായത്തോടെ ബണ്ട് നിർമാണം, നവീകരണം, നീർച്ചാൽ നവീകരണം, പെട്ടിയും പറയും വിതരണം എന്നിവയും ഇതോടൊപ്പം നടപ്പാക്കി.