അടിമാലി: മണ്‍സൂണ്‍ എത്തിയതോടെ മനോഹാരിത നിറച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് കല്ലാർ വെള്ളച്ചാട്ടം.
ഉരുളൻ പാറക്കല്ലുകൾക്കിടയിലൂടെ ആർത്തലച്ചൊഴുകുന്ന പുഴയുടെ വന്യതയാണ് കല്ലാർ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് നൽകുന്ന കാഴ്ച.
കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിലൂടെ കടന്നുപോകുന്നവർ കല്ലാർ പാലത്തിൽനിന്നും കല്ലാർ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ചാണ് മുന്‍പോട്ടു പോകാറ്.
പാലത്തിൽനിന്നും വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിക്കുകയും ചിത്രങ്ങൾ പകർത്തുകയുമാകാം.
മണ്‍സൂണിന്റെ ജലസമൃദ്ധിയൊഴിയുന്ന വേനൽകാലത്തും കല്ലാർ വെള്ളച്ചാട്ടം പൂർണമായി വറ്റിവരളാറില്ല. ഉരുളൻ പാറകൾക്കിടയിലൂടെ വന്യത കൈവിട്ട് ശാന്തമായതങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.
വേനൽക്കാലം പിന്നിട്ട് വർഷകാലം വാതിൽതുറക്കുന്പോൾ രൂപവും ഭാവവും മാറി കല്ലാർ വെള്ളച്ചാട്ടം കണ്ണിന് വിരുന്നൊരുക്കും.
ആർത്തലച്ച് നുരഞ്ഞൊഴുകിയെത്തുന്ന വെള്ളം പുതിയ കാഴ്ചകൾ തീർത്ത് പാലത്തിനു കീഴിലൂടെ പിന്നെയുമൊഴുകിപോകും.
മഴയും കുളിരുമാസ്വദിക്കാൻ മല കയറിയെത്തുന്നവരുടെ മനസ് നിറയ്ക്കുകയാണ് കല്ലാർ വെള്ളച്ചാട്ടം.