സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.കാസർഗോഡ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്.
സിപിഎം പഞ്ചായത്ത് അംഗമായ എം.പി. സെലീന, മുൻ പഞ്ചായത്തംഗം കെ.പി. സുമയ്യ, 19-ാം നന്പർ ബൂത്തിലെ 774-ാം നന്പർ വോട്ടറായ പദ്മിനി എന്നിവരാണ് കള്ളവോട്ട് ചെയ്തത്. പദ്മിനി രണ്ടു തവണ വോട്ട് ചെയ്തതായും 19-ാം ബൂത്തിലെ വോട്ടർമാരല്ലാത്ത കെ.പി. സുമയ്യയും എം.പി. സെലീനയും ഇവിടെ വോട്ട് ചെയ്തതായും കണ്ടെത്തി.
മൂന്നു പേർക്കുമെതിരേ ഐപിസി സെക്്ഷൻ 171-സി, 171-ഡി, 171-എഫ് പ്രകാരം ക്രിമിനൽ കേസെടുക്കാൻ വരണാധികാരിക്കു നിർദേശം നൽകി. അതേസമയം, റീ പോളിംഗ് നടത്തുന്നതു സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കള്ളവോട്ടിനു സഹായിച്ച എൽഡിഎഫ് ബൂത്ത് ഏജന്റിനെതിരേയും കേസെടുക്കും. പഞ്ചായത്തംഗമായ എം.പി. സെലീനയുടെ അംഗത്വം റദ്ദാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടു ശിപാർശ ചെയ്യും. പോളിംഗ് ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയിട്ടുണ്ട്. തിരക്കായിരുന്നതിനാൽ ശ്രദ്ധക്കുറവുണ്ടായെന്ന അവരുടെ വാദം അംഗീകരിക്കാനാവില്ല. ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കു നിർദേശം നൽകി.
കള്ളവോട്ട് നടന്നതായുള്ള പരാതിയിൽ കണ്ണൂർ, കാസർഗോഡ് ജില്ലാ കളക്ടർമാരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്. റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറും: ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
രോഗിയായ ഡോക്ടറെ കൊണ്ടുവന്ന് വോട്ട് ചെയ്യിച്ചതിലും ക്രമവിരുദ്ധമായ കാര്യങ്ങൾ നടന്നു. വ്യാപാരി- വ്യവസായി സമിതി പ്രതിനിധിയായ കെ.സി. രഘുനാഥ് ആണ് രോഗിയായ ഡോക്ടറെ കൊണ്ടുവന്നത്. എന്നാൽ, ഡോക്ടർക്കുവേണ്ടി വോട്ട് ചെയ്തത് രഘുനാഥിനു പകരം മറ്റൊരാളായിരുന്നു. വോട്ട് ചെയ്യുമ്പോൾ ഡോക്ടർ ബൂത്തിനുള്ളിൽ പ്രവേശിച്ചിരുന്നില്ല. ഡോക്ടറുടെ വിരലടയാളം രേഖപ്പെടുത്തിയതും ക്രമവിരുദ്ധമായാണ്. ഇക്കാര്യത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്കു വീഴ്ച പറ്റിയിട്ടുണ്ട്.
കെ.പി. സുമയ്യ, എം.പി. സെലീന എന്നിവർ അവരുടെ യഥാർഥ ബൂത്തുകളിൽ വോട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. വോട്ട് രേഖപ്പെടുത്തിയവരുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സീൽ ചെയ്ത് സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ അത് പുറത്തെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം. അനുമതി കിട്ടിയാൽ അക്കാര്യം പരിശോധിക്കും. കള്ളവോട്ട് നടക്കുന്ന സമയത്ത് യുഡിഎഫിന്റെ പോളിംഗ് ഏജന്റ് ബൂത്തിൽ ഇല്ലായിരുന്നു. എൽഡിഎഫിന്റെയും സ്വതന്ത്രന്റെയും ഏജന്റുമാരാണ് ഉണ്ടായിരുന്നത്.
യുഡിഎഫ് പോളിംഗ് ഏജന്റ് പുറത്തുപോയതു സംബന്ധിച്ചും അന്വേഷണം നടത്തും. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായിരുന്നെങ്കിൽ യുഡിഎഫ് ഏജന്റിന് പരാതി നൽകാമായിരുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു. വോട്ടെണ്ണലിനു മുൻപ് ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിക്കും.
ആവശ്യമെങ്കിൽ പരാതിയുടെ അടിസ്ഥാനത്തിൽ വീഡിയോ ദൃശ്യങ്ങളും പരിശോധിക്കും. വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയതു കൊണ്ടാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. അതുകൊണ്ടു തന്നെ ഇത് വെബ്കാസ്റ്റിംഗിന്റെ വിജയമാണ്. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ സ്വാഗതം ചെയ്യുന്നെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
ഊരാക്കുടുക്കിൽ സിപിഎം
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതോടെ സിപിഎം കുരുക്കിൽ. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലെ പിലാത്തറ എയുപി സ്കൂളിലെ 19- ാം നന്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ അത് ഓപ്പൺ വോട്ടാണെന്ന് പറഞ്ഞാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതിരോധിച്ചത്. എന്നാൽ, ഈ വാദം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ തള്ളിയത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ചവരിൽ ഒരാൾ സിപിഎമ്മിന്റെ പഞ്ചായത്തംഗവും മറ്റൊരാൾ പഞ്ചായത്ത് മുൻ അംഗവുമാണ്. എൽഡിഎഫ് പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന പഞ്ചായത്താണ് ചെറുതാഴം. പതിനേഴംഗ ഭരണസമിതിയിൽ ഒരു സിപിഐ അംഗം ഒഴികെ എല്ലാവരും സിപിഎമ്മുകാർ.
ജനപ്രതിനിധി ഉൾപ്പെടെയുള്ളവർ തന്നെ കള്ളവോട്ടിൽ കുടുങ്ങിയത് വിശദീകരിക്കാൻ പാർട്ടി പാടുപെടും. കള്ളവോട്ട് ചെയ്തതായി തെളിഞ്ഞ ചെറുതാഴം പഞ്ചായത്തിലെ പതിനാറാം വാർഡായ കക്കോണിയിലെ മെമ്പർ എൻ.പി. സലീനയെ അയോഗ്യയാക്കാനാണ് ശിപാർശ.
അഞ്ചാം വാർഡായ പിലാത്തറയിലെ മുൻ അംഗമാണ് സുമയ്യ. ഇരുവരും ചെറുതാഴം സഹകരണ ബാങ്കിലെ ജീവനക്കാരാണ്. രണ്ടുതവണ വോട്ടുചെയ്തതായി കണ്ടെത്തിയ പദ്മിനി സജീവ പാർട്ടി പ്രവർത്തകയാണ്.
പദ്മിനി സ്വന്തം ബൂത്തിൽ തന്നെയാണ് രണ്ടു തവണ വോട്ടു ചെയ്തത്.
എന്നാൽ, പതിനേഴാം നമ്പര് ബൂത്തിലെ 822- ാം നമ്പര് വോട്ടറായ സലീന സ്വന്തം വോട്ടിനുപുറമെയാണ് 19- ാം നമ്പര് ബൂത്തിലും വോട്ട് ചെയ്തത്. പിലാത്തറ യുപി സ്കൂളിലെ കിഴക്കും തെക്കും ഭാഗത്താണ് ഈ ബൂത്തുകൾ. അറത്തിൽ വിഎംഎൽപി സ്കൂളിലെ പടിഞ്ഞാറു ഭാഗത്താണ് സുമയ്യയുടെ 24-ാം നന്പർ ബൂത്ത്. ഇതിനുപുറമെയാണ് പിലാത്തറയിലെ ബൂത്തിലും സുമയ്യ വോട്ടുചെയ്തത്.
ഓരോ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് എതിരേ കള്ളവോട്ട് ആരോപണം ഉയർന്നുവരാറുണ്ടെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തിലും പരാതിക്കാർ ഇതുമായി മുന്നോട്ടുപോകാത്തതും കാരണം നടപടിയുണ്ടാകാറില്ല. എന്നാൽ, ഇത്തവണ ദൃശ്യങ്ങൾ സഹിതം വിശദാംശങ്ങൾ പുറത്തുവന്നത് കള്ളവോട്ട് കൈയോടെ പിടികൂടുന്ന അവസ്ഥയുണ്ടാക്കി.അതോടെ സിപിഎമ്മിന്റെ പ്രതിരോധവും ദുർബലമായി. പാർട്ടിയുടെ ശക്തികേന്ദ്രമായ കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ഇത്തവണ 83.02 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ 1.35 ശതമാനം കൂടുതൽ.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശവും കള്ളവോട്ടിന് എതിരായ പോരാട്ടത്തിൽ നിർണായകമാകും. ഇതുവരെയുണ്ടാകാത്ത രീതിയിൽ സിപിഎമ്മുകാർക്ക് ഉദ്യോഗസ്ഥർ ദല്ലാൾ പണി ചെയ്യുന്ന അനുഭവമാണ് ഇത്തവണ ഉണ്ടായതെന്ന് ചെറുതാഴം മേഖലയിൽ ബൂത്ത് ഏജന്റായിരുന്ന ഒരു കോൺഗ്രസ് നേതാവ് പറയുന്നു. ഒരു ചലഞ്ച് പോലും അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലെന്ന് അദ്ദേഹം പറയുന്നു.
നേരത്തെ രണ്ടു മെംബർമാർ ചെറുതാഴം പഞ്ചായത്തിൽ കോൺഗ്രസിന് ഉണ്ടായിരുന്നു. ബൂത്തുപിടിത്തവും അക്രമത്തിലൂടെയും പഞ്ചായത്ത് പൂർണമായും സിപിഎം പിടിച്ചെടുക്കുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.