കണ്ണൂർ: കള്ളവോട്ട് ചെയ്ത സിപിഎം പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കാൻ ശിപാർശ ചെയ്ത മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കെതിരേ നിയമനടപടിക്ക് സിപിഎം. കാസർഗോഡ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എയുപി സ്കൂളിലെ പത്തൊൻപതാം നന്പർ ബൂത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
സിപിഎം പഞ്ചായത്തംഗമായ എൻ.പി. സലീന, മുൻ പഞ്ചായത്തംഗം കെ.പി. സുമയ്യ, പത്തൊൻപതാം നന്പർ ബൂത്തിലെ 774 ാം നന്പർ വോട്ടറായ പദ്മിനി എന്നിവരാണ് കള്ളവോട്ട് ചെയ്തതെന്നും ഈ മൂന്ന് സ്ത്രീകൾക്കെതിരേ ക്രിമിനൽ കേസെടുക്കാനും പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിപാർശ ചെയ്തിരുന്നു.
ഇതിനെതിരേയാണ് സിപിഎം നിയമ നടപടിക്ക് ഒരുങ്ങുന്നത്. പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കാനുള്ള അധികാരം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇല്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കാര്യങ്ങൾ വിശദമായി പഠിച്ചതിനുശേഷം വേണം പ്രതികരണം നടത്താൻ. നിലവിലുള്ളത് പ്രാഥമികമായ റിപ്പോർട്ട് മാത്രമാണ്. കാര്യങ്ങൾ പക്വതയോടെ തെരഞ്ഞെടുപ്പ് ഓഫീസർ വീക്ഷിക്കണമെന്നും എം.വി. ജയരാജൻ പറഞ്ഞു.