പരിയാരം(കണ്ണൂർ): ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ സിപിഎം ചെറുതാഴം പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു സ്ത്രീകൾക്കെതിരേ പരിയാരം പോലീസ് ക്രിമിനൽ കേസെടുത്തു. സിപിഎം പ്രവര്‍ത്തകരായ ചെറുതാഴം പഞ്ചായത്തംഗം എന്‍.പി. സെലീന, മുന്‍ പഞ്ചായത്തംഗം കെ.പി. സുമയ്യ, സി. പത്മിനി എന്നിവര്‍ക്കെതിരെയാണ് ഐപിസി 171-സി, 171-ഡി, 171-എഫ് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
കള്ളവോട്ട് ചെയ്ത മൂന്നുപേര്‍ക്കും ഒരുവര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ് 171-എഫ് വകുപ്പ്. 171-സി പ്രകാരം തെരഞ്ഞെടുപ്പില്‍ അവിഹിത സ്വാധീനം ചെലുത്തുന്നതും ഒരാളുടെ വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതില്‍ ഇടപെടുകയോ ഇടപെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.
സ്ഥാനാര്‍ഥിയേയോ വോട്ടറേയോ അല്ലെങ്കില്‍ ഇരുവര്‍ക്കും താത്പര്യമുള്ള ആരെയെങ്കിലുമോ ഏതെങ്കിലും വിധത്തില്‍ അപമാനിക്കുമെന്ന് ഭീഷണി മുഴക്കുന്നതും പരിക്കേല്‍പ്പിക്കുന്നതും വോട്ടുചെയ്തില്ലെങ്കില്‍ ദൈവം കോപിക്കുമെന്ന് വിശ്വസിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. 171-ഡി വകുപ്പനുസരിച്ച് വോട്ടുചെയ്യുന്നതിന് ആള്‍മാറാട്ടം, മറ്റൊരാളുടെ പേരില്‍ വോട്ടുരേഖപ്പെടുത്തുക, ഒരേ തെരഞ്ഞെടുപ്പില്‍ രണ്ടുതവണ വോട്ട് ചെയ്യുക, ചെയ്യാന്‍ ശ്രമം നടത്തുക, ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതും കുറ്റകരമാണ്.
കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്നുപേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വോട്ടെടുപ്പ് ദിവസമായ 23 ന് രാവിലെ ഏഴിനും വൈകുന്നേരം ആറിനുമിടയിലുള്ള ഏതോ സമയത്ത് പ്രതികള്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ കല്യാശേരി നിയോജകമണ്ഡലത്തിലെ പോളിങ്ങ് സ്റ്റേഷനായ പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ അവിഹിത സ്വാധീനമുപയോഗിച്ച് ആള്‍മാറാട്ടം നടത്തി വോട്ടുരേഖപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
റിട്ടേണിംഗ് ഓഫീസറായ കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളവോട്ട് സ്ഥിരീകരിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ക്രിമിനൽ കേസെടുക്കാൻ വരണാധികാരികൂടിയായ കാസർഗോഡ് ജില്ലാകളക്ടർക്ക് നിർദേശം നല്‍കുകയായിരുന്നു. ജില്ലാ കളക്ടർ നിർദേശം കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.
എന്നാൽ കേസെടുത്ത സിപിഎം പ്രവർത്തകരോട് കോടതിയിൽ കീഴടങ്ങി ജാമ്യം എടുക്കാനാണ് സിപിഎമ്മിന്റെ നിർദേശമെന്നാണ് സൂചന.