പത്തനംതിട്ട: സര്‍വീസ് സഹകരണ ബാങ്ക് ഭരണം പിടിക്കാന്‍ എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ കള്ളവോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായി സിപിഎം.
കള്ളവോട്ട് ആരോപണത്തിൽ അകപ്പെട്ടെന്നു മാത്രമല്ല, ബാങ്ക് ഭരണം പിടിക്കാന്‍ സിപിഎമ്മിനു കഴിഞ്ഞതുമില്ല. ഭരണസമിതിയിലെ ഒന്നൊഴികെ എല്ലാ സീറ്റിലും യുഡിഎഫാണ് വിജയിച്ചത്.
എല്‍ഡിഎഫ് പാനലിൽ ജയിച്ച ഒരാൾ അജിത് കുമാർ ആണ്. ഇദ്ദേഹമാകട്ടെ മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.വര്‍ഷങ്ങളായി യുഡിഎഫ് ആണ് പത്തനംതിട്ട സഹകരണ ബാങ്ക് ഭരിക്കുന്നത്.
ഞായറാഴ്ച നടന്ന ബാങ്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ടു വ്യാപകമായ കള്ളവോട്ട് ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫും യുഡിഎഫും പരസ്പരം കള്ളവോട്ട് ആരോപണം ഉന്നയിച്ചിരുന്നെങ്കിലും എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്.
തിരുവല്ല സ്വദേശിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ കെ.എസ്. അമല്‍ അഞ്ചുതവണ പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിലുണ്ട്. പെരിങ്ങനാട്, കൊടുമണ്‍, മല്ലപ്പള്ളി ഭാഗത്തുള്ള വിദ്യാര്‍ഥി, യുവജന നേതാക്കള്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസിന്റെ വിവിധ സൈബര്‍ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്.
ബാങ്ക് ഭരണം അട്ടിമറിയിലൂടെ പിടിക്കാന്‍ സിപിഎം നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയ്ക്കു പുറത്തുള്ളവരെ എത്തിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്തതെന്നു യുഡിഎഫ് ആരോപിക്കുന്നു.
പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകള്‍ മാത്രമാണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധി. എന്നാൽ, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി ഭാഗങ്ങളിലുള്ള സിപിഎം പ്രാദേശിക നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും വോട്ടെടുപ്പ് നടന്ന പത്തനംതിട്ട മാര്‍ത്തോമ സ്കൂള്‍ പരിസരത്ത് മുഴുവന്‍ സമയവുമുണ്ടായിരുന്നതായി യുഡിഎഫ് നേതാക്കൾ പറയുന്നു.
ഇതേച്ചൊല്ലി നിരവധി തവണ യുഡിഎഫ്, എല്‍ഡിഎഫ് സംഘര്‍ഷം ഉടലെടുക്കുകയും പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 932 പുതിയ അംഗങ്ങളാണ് ബാങ്കിലുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശരാശരി 900 വോട്ടുകളാണ് എല്‍ഡിഎഫ് പാനലിലെ സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചത്.
ഇത്തവണ ഇത് 1500 മുതല്‍ 1600 വരെയായി ഉയര്‍ന്നു. 11,667 അംഗങ്ങളാണ് ബാങ്കിലുള്ളത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട സഹകരണ ബാങ്കിലെ കള്ളവോട്ട് വിവാദം സിപിഎമ്മിലെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.