സ്വന്തം ലേഖകൻ
തൃശൂർ: ഇരട്ട വോട്ടുകൾ പരിശോധിക്കുന്ന പ്രകിയ തൃശൂരിലും തുടരുന്നു. പതിമൂന്നു നിയമസഭ മണ്ഡലങ്ങളിലും വോട്ടർപട്ടികയിൽ ഇരട്ട വോട്ടുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം തകൃതിയായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ഉച്ചവരെ ജില്ലയിൽ 18,021 വോട്ടർമാർക്കാണ് ഇരട്ടവോട്ടുകളുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ അന്തിമ പട്ടിക തയ്യാറാകും.
പല മണ്ഡലങ്ങളിലും ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് പ്രാഥമിക സൂചന. സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇരട്ടവോട്ടുകളുണ്ടോ എന്ന പരിശോധന നടക്കുന്നത്.
ഇത് കണ്ടെത്തിയാലുടൻ വിവരം ബന്ധപ്പെട്ട ബി.എൽ.ഒ മാരെ അറിയിക്കും.വോട്ടർമാർ താമസം മാറുന്പോൾ പുതിയ സ്ഥലത്തെ വിലാസത്തോടെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും പഴയ വോട്ടർപട്ടികയിൽ നിന്നും ഒഴിവാകാത്തതാണ് ഇരട്ടിപ്പിന് പ്രധാന കാരണമെന്നും സോഫ്റ്റ് വെയർ തകരാർ മൂലമാണിതു സംഭവിക്കുന്നതെന്നുമാണ് പൊതുവെ പറയുന്നത്.
കൈപ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുബിന് മൂന്നു വോട്ടുകളുണ്ടെന്നാണ് പറയുന്നത്. താമസം മാറി പുതിയ വോട്ടർപട്ടികയിൽ ഇടം പിടിച്ചെങ്കിലും പഴയ വോട്ടർപട്ടികയിൽ പേരു റദ്ദാക്കപ്പെടാതിരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടർപട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താൻ പരിശോധന നടക്കുകയാണ്.ഇന്നു വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷനെ ഇരട്ട വോട്ടുകളുടെ പട്ടികയും വിവരങ്ങളും അറിയിക്കണമെന്നാണ് നിർദ്ദേശം.
ഇരട്ട വോട്ടുകൾ കണ്ടെത്തിയാൽ ആ വോട്ടർമാരെ നേരിട്ടു ചെന്ന് കാണാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്ങിനെയാണ് ഇരട്ട വോട്ടുകൾ സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ ചോദിച്ചറിയും.
ഈ വോട്ടർമാരെ പോളിംഗ് ബൂത്തിൽ വോട്ടു ചെയ്ത ശേഷം ഉടൻ പുറത്തുവിടില്ല. വിരലിലെ മഷി ഉണങ്ങിയ ശേഷമേ ഇരട്ട വോട്ടുള്ള വോട്ടർമാരെ ബൂത്തിനു പുറത്തിറങ്ങാൻ സമ്മതിക്കുകയുള്ളുവെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.