കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ സിപിഎം ഉരുക്കുകോട്ടയായ കയ്യൂർ-ചീമേനി പഞ്ചായത്തിൽ 16 പേരുടെ പേരിൽ കള്ളവോട്ട് നടന്നതിനുള്ള തെളിവ് യുഡിഎഫ് നേതൃത്വം പുറത്തുവിട്ടു.
യഥാർഥ വോട്ടർമാരുടെയും കള്ളവോട്ട് ചെയ്തവരുടെയും പേരും വോട്ട് ചെയ്ത സമയവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് യുഡിഎഫ് പുറത്തിറക്കിയിരിക്കുന്നത്.
ആലന്തട്ട എയുപി സ്കൂളിലെ 36, 37 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. ഇതിൽ 16 വോട്ടുകൾ 37-ാം ബൂത്തിലും രണ്ടെണ്ണം 36-ാം ബൂത്തിലുമാണ് നടന്നത്.
ഇതിൽ 11 പേരും വിദേശത്തുള്ളവരാണ്. രണ്ടുപേർ ഗോവയിലും. ഒരാൾ മർച്ചന്റ് നേവി ജീവനക്കാരനാണ്. ഇവരാരും തന്നെ വോട്ടിംഗ് ദിവസം നാട്ടിലുണ്ടായിരുന്നില്ല.
37-ാമത്തെ ബൂത്തിൽ ഉച്ചയ്ക്ക് 12.45ന് എത്തിയ കള്ളവോട്ടുകാരനെ തങ്ങൾ എതിർത്തപ്പോൾ വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു.
എന്നാൽ പിന്നീട് വന്ന കള്ളവോട്ടുകാർക്കെതിരേ ഭീഷണി കാരണം തങ്ങൾ പ്രതികരിച്ചില്ല.
ഇവരുടെയെല്ലാം വീട്ടുകാരുടെ ഒത്താശയോടെയാണ് കള്ളവോട്ട് നടന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വീട്ടുകാർ നൽകിയ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായാണ് കള്ളവോട്ടുകാർ വന്നത്.
എന്നാൽ കാർഡിലെ ഫോട്ടോയും യഥാർഥ രൂപവും തമ്മിലുള്ള സാദൃശ്യമില്ലായ്മ ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഒരാൾതന്നെ രണ്ടും മൂന്നും വോട്ടുകൾ ചെയ്തിട്ടുണ്ട്.
40-ാം നന്പർ ബൂത്തിൽ കഴിഞ്ഞതവണ 92 ശതമാനമായിരുന്നു പോളിംഗെന്നും എന്നാൽ യുഡിഎഫ് കള്ളവോട്ട് ചെയ്യാൻ അനുവദിക്കാത്തതിനാൽ പോളിംഗ് 81.3 ശതമാനമായി കുറഞ്ഞതായും യുഡിഎഫ് പഞ്ചായത്ത് കൺവീനർ എ.ജയരാമൻ പറഞ്ഞു.
കയ്യൂർ-ചീമേനി പഞ്ചായത്തിലെ ആകെയുള്ള 16 വാർഡുകളും സിപിഎമ്മാണ് ഭരിക്കുന്നത്. സിപിഎം വ്യാപകമായി ഇവിടെ കള്ളവോട്ട് ചെയ്യുന്നതായും മറ്റു രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരെ ബൂത്തിൽ ഇരിക്കാൻ അനുവദിക്കാറുമില്ലെന്നുമുള്ള പരാതി മണ്ഡലരൂപീകരണകാലം തൊട്ടേയുണ്ട്.
ഇവിടുത്തെ 30-ാം നന്പർ ബൂത്തായ കയ്യൂർ, 31-ാം നന്പർ ബൂത്ത് ചെറിയാക്കര, 34, 35 ബൂത്തുകളായ മുഴക്കോം, 44-ാം ബൂത്ത് കുണ്ട്യം, 45-ാം നന്പർ ബൂത്ത് പുലിയന്നൂർ എന്നിവിടങ്ങളിൽ യുഡിഎഫിന് ബൂത്ത് ഏജന്റുമാർപോലും ഉണ്ടായിരുന്നില്ല.
അതേസമയം വോട്ട് ചെയ്തവരുടെ എല്ലാ വിവരങ്ങളും വോട്ടിംഗ് മെഷീനൊപ്പം സ്ട്രോംഗ് റൂമിലാണെന്നും അതിനാൽ മേയ് രണ്ടിന് വോട്ടെണ്ണൽ കഴിഞ്ഞാലെ ഇക്കാര്യത്തിൽ ആത്യന്തിക പരിശോധന നടത്താനാകുകയുള്ളൂവെന്നും ഡപ്യൂട്ടി കളക്ടറും വരണാധികാരിയുമായ സിറോഷ് പി.ജോൺ പറഞ്ഞു.
കള്ളവോട്ട് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണെന്നും മേയ് രണ്ട് കഴിഞ്ഞാൽ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും എ.ജയരാമൻ പറഞ്ഞു.