ഹരിപ്പാട്: ട്രെയിനിന് നേരേ നടത്തിയ കല്ലേറിൽ വിമുക്ത ഭടന്റെ പല്ലുകൾ നഷ്ടപ്പെട്ടു. പത്തിയൂർ അശ്വതിയിൽ ശിവൻകുട്ടി നായർ (54) ക്കാണ് പരിക്കേറ്റത്. വലിയ മെറ്റൽ കഷണം കൊണ്ടുള്ള ഏറിൽ ഇദ്ദേഹത്തിന്റെ പല്ലുകൾ അടർന്നുപോയി. വായ്ക്കുള്ളിൽ 20 ഓളം തുന്നലുകളുണ്ട്.
എറണാകുളത്ത് സെക്യൂരിറ്റി ജോലി നോക്കുന്ന ഇദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് എറണാകുളം- കൊല്ലം മെമുവിൽ കായംകുളത്തേക്ക് വരുന്ന വഴി ഇന്നലെ രാത്രി 9.30 ഓടെ കരുവാറ്റയ്ക്കും ഹരിപ്പാടിനും ഇടയിൽ വച്ച് കല്ലേറിൽ പരിക്കേൽക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ഹരിപ്പാട് ഗവ.ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് ഹരിപ്പാട് പോലീസിൽ പരാതി നല്കി.