2017 ജൂലൈ, ആദ്യമോഷണം നടന്ന നടുവട്ടത്തുനിന്നു വീണ്ടും ഫോൺ കോൾ. എടപ്പാള്‍ നടുവട്ടം ഭാഗത്തു റോഡിനോടു ചേര്‍ന്നുള്ള പുത്തന്‍പുരയ്ക്കല്‍ ഉമ്മറിന്റെ വീടും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.
ഉമ്മറും കുടുംബവും കുവൈറ്റില്‍ പോയതിനാല്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീടിനുള്ളില്‍നിന്നു കാര്യമായി ഒന്നും കിട്ടാതിരുന്നതിനാല്‍ പോര്‍ച്ചില്‍ കിടന്നിരുന്ന മാരുതി സിഫ്ട് കാറുമായിട്ടാണ് മോഷ്ടാവ് പോയത്.
ഡൈനിംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോല്‍ മോഷ്ടാവ് കൈക്കലാക്കിയിരുന്നു. പതിവുപോലെ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മോഷ്ടാവിനെക്കുറിച്ചു പ്രത്യേകിച്ചു സൂചനകളൊന്നും ലഭിച്ചില്ല.
അതേമാസം എടപ്പാളിൽ തന്നെയുള്ള പ്രവാസി മലയാളി മുഹമ്മദ്കുട്ടിയുടെ വീടും കുത്തിത്തുറന്നു. വജ്രാഭരണങ്ങളും പണവും വില കൂടിയ വാച്ചുകളുമാണ് ഇവിടെനിന്നു മോഷണം പോയത്. ഏകദേശം 44 പവനോളം സ്വര്‍ണവും മോഷണം പോയി.
മോഷ്ടാവിനെ കണ്ടെത്താന്‍
തുടര്‍ച്ചയായുള്ള മോഷണങ്ങള്‍ ചങ്ങരംകുളം പോലീസിന്റെ ഉറക്കം കെടുത്തിത്തുടങ്ങി. പലരീതിയിൽ ശ്രമിച്ചിട്ടും കള്ളനെക്കുറിച്ച് ഒരു സൂചനയും കിട്ടിയില്ല. രാത്രികാല പോലീസ് പട്രോളിംഗും മഫ്തി പട്രോളിംഗും ശക്തിപ്പെടുത്തി.
കള്ളനെ ഉടന്‍ അകത്താക്കിയില്ലെങ്കില്‍ ഇനിയും മോഷണങ്ങള്‍ നടന്നേക്കാമെന്ന് എസ്ഐ മനേഷിനും മനസിലായി. ചങ്ങരംകുളത്ത് മാത്രമല്ല മലപ്പുറം സ്റ്റേഷന് പരിധിയിലെ പല സ്ഥലങ്ങളിലും സമാനരീതിയിലുള്ള മോഷണങ്ങള്‍ നടന്നു.
ഇതോടെ പൊന്നാനി സിഐ ആയിരുന്ന ചാക്കോയുടെ നേതൃത്വത്തില്‍ ഒരു ആന്റി തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചു.
വിവിധ സ്റ്റേഷന് പരിധിയില്‍ നടന്ന മോഷണങ്ങളുടെ സ്വഭാവവും രീതിയും പരിശോധിച്ചു കള്ളനെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു.
പ്രതിയുടെ വിരലടയാളമോ മറ്റു തെളിവുകളോ ഒന്നും ഉണ്ടായിരുന്നില്ല. ആകെയുളളത് സത്യപാലിന്റെ വീട്ടില്‍ നിന്നു കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ മാത്രം. ആ ദൃശ്യം സ്ക്വാഡ് പലതവണ പരിശോധിച്ചു. അതില്‍നിന്ന് അന്വേഷണ സംഘം ഒരു നിഗമനത്തില്‍ എത്തി.
മോഷ്ടാവിന് ഏകദേശം 35 വയസ് കാണും. ആരോഗ്യ ദൃഢഗാത്രനാണ്. ജാക്കറ്റ് ധരിച്ചിരിക്കുന്നു. നടക്കുമ്പോള്‍ എന്തോ പ്രത്യേകതയുണ്ട്. ഇടതുകാലിന് അല്പം വളവ് ഉണ്ടോയെന്നു സംശയം.
മോഷ്ടാവിലേക്ക്
ഡിസംബര്‍ മാസം. സ്ക്വാഡിലുള്ള സൈബര്‍ വിദഗ്ധന്‍ രാജേഷ് എന്ന പോലീസുകാരന് എസ്ഐ മനേഷിനെ ഫോണില്‍ വിളിക്കുന്നു. മോഷണം നടന്ന വീട്ടിലെ രണ്ടു മൊബൈല്‍ ഫോണുകളില്‍ ഒരെണ്ണം ആരോ ഉപയോഗിക്കുന്നുണ്ടെന്ന് അറിയിച്ചു.
ഐഎംഇഐ നമ്പര്‍ പിന്തുടര്ന്നതില്നിന്ന് ഒരു മേല്‍വിലാസം ലഭിച്ചു. തൃശൂര്‍ ചാവക്കാട് അവിലാട് സ്വദേശിയായ റഫീഖ് എന്നയാളുടെ പേരിലുള്ളതായിരുന്നു സിം. എസ്ഐ മനേഷിന്റെ നേതൃത്വത്തില്‍ ചാവക്കാട് ഭാഗത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ റഫീഖ് കുറെക്കാലമായി ചങ്ങരംകുളത്താണ് താമസിക്കുന്നതെന്നു മനസിലായി.
രഹസ്യമായി അന്വേഷണം
റഫീഖിനെക്കുറിച്ചു രഹസ്യമായി പോലീസ് അന്വേഷണം തുടങ്ങി. അതില്‍നിന്നു റഫീഖ് മതവിശ്വാസിയും ആരാധനാലയവുമായി ബന്ധപ്പെട്ടു സജീവമായി നിൽക്കുന്നആളാണെന്നുമുള്ള അഭിപ്രായമാണ് പലരിൽനിന്നും ലഭിച്ചത്. മാത്രമല്ല, ആകര്‍ഷകമായ വ്യക്തിത്വത്തിന് ഉടമയാണെന്നും മനസിലായി.
സുമുഖനായ വ്യക്തി. നല്ല ആരോഗ്യവാനുമായിരുന്നു. മാത്രമല്ല അയാള്‍ നല്ലൊരു വാഗ്മിയും മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപ്പെട്ടു പരിഹാരമുണ്ടാക്കുന്ന ആളുമായിരുന്നു. ഏതാണ്ട് എല്ലാവർക്കും തന്നെ ഇയാളെക്കുറിച്ചു നല്ല മതിപ്പ്.
ഇങ്ങനെയുള്ള ആള് ഒരു മോഷ്ടാവാകുമോ എന്ന ചോദ്യം അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കി. എന്നാല്‍, ഇയാളെ കൃത്യമായി നിരീക്ഷിച്ചതിലൂടെ അയാള്‍ നടക്കുമ്പോള്‍ കാലിനു വളവുള്ളതായി എസ്ഐ മനേഷിനു മനസിലായി. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ആളിനോട് ഏകദേശം സമാനതയും ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലെല്ലാം അന്വേഷണ സംഘം ഒരു നിഴല്‍ പോലെ റഫീഖിനെ പിന്തുടര്ന്നു കൊണ്ടേയിരുന്നു. അന്വേഷണത്തിനൊടുവില്‍ ഒരു കാര്യം സംഘത്തിനു മനസിലായി. വളരെയധികം ദുരൂഹതയുള്ള ആളാണ് റഫീഖ് എന്ന്.
(തുടരും)
തയാറാക്കിയത്: സീമ മോഹന്‍ലാല്‍