തൊടുപുഴ: അര്‍ധരാത്രി വാഹനത്തില്‍ കല്ലുമായെത്തിയ സംഘം വീട് എറിഞ്ഞു തകര്‍ത്തു. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുടുംബാംഗങ്ങള്‍ പ്രാണ രക്ഷാര്ഥം ഓടി രക്ഷപെട്ടു. കല്ലേറില്‍ വീട് തകര്‍ന്നു. മുട്ടം തുടങ്ങനാട് ഇല്ലിചാരി പള്ളിക്ക് സമീപം പുത്തന്‍പുരയില്‍ ഏപ്പച്ചന്റെ വീടാണ് അക്രമി സംഘം കല്ലെറിഞ്ഞ് തകര്‍ത്തത്.
പാറമട ലോബികളാണ് അക്രമത്തിനു പിന്നിലെന്ന് ഏപ്പച്ചന്‍ പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഏപ്പച്ചനും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ഉറക്കത്തിനിടയില്‍ വീട്ടില്‍ കല്ലുകള്‍ പതിക്കുന്ന ശബ്ദം കേട്ട് ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഇതിനിടെ അക്രമി സംഘം വീടിനു നേരെ കല്ലെറിഞ്ഞ് വാതിലുകളും ജനലുകളും തകര്‍ത്തു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പേഴേക്കും അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപെട്ടു.
ആക്രമണത്തില്‍ വീട് നിശേഷം തകര്‍ന്നു. ഏപ്പച്ചന്റെ വീടിനു സമീപം അനധികൃതമായി പാറമട പ്രവര്‍ത്തിക്കുന്നുണ്ട്. പാറമടക്കെതിരെ പരാതി നല്‍കിയെന്ന് ആരോപിച്ച് ഒരു സംഘം കഴിഞ്ഞ ദിവസം വീട്ടിലെത്തി ഏപ്പച്ചനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതെ തുടര്‍ന്നാണ് ഇന്നലെ ആക്രമണമുണ്ടായത്. സംഭവമറിഞ്ഞ് മുട്ടം സ്റ്റേഷനില്‍ നിന്നും പോലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടുകാരുടെ മൊഴിയെടുത്തതിനു ശേഷം പ്രതികളെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.