കോട്ടയം: വീടുകളിലേക്ക് കുപ്പിയും കല്ലുമെറിഞ്ഞ പയ്യൻ പോലീസ് പിടിയിലായി. തളിക്കോട്ട പ്രദേശത്തെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് 14കാരനെ പോലീസ് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത ഇയാളോട് മാതാപിതാക്കളോടൊപ്പം ഇന്നു പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മൂന്നു ദിവസമായി തളിക്കോട്ടയിലെ നിരവധി വീടുകൾക്കു നേരെയാണ് കല്ലേറുണ്ടായത്. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് പ്രദേശത്ത് കാവലിരുന്നാണ് കുപ്പിയെറിയുന്ന വിരുതനെ പിടികൂടിയത്.
തിരുമല ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയാണ് 14കാരന്റെ കുടുംബം.
കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ വീടുകൾക്കു നേരെ കല്ലും കുപ്പിയും തടിക്കഷണങ്ങളും എറിയുന്നതു പതിവായിരുന്നു.
നിരവധി വീടുകളുടെ ഓടും ഷീറ്റും ജനൽചില്ലുകളും തകർന്നിരുന്നു. കുട്ടിയുടെ സ്വഭാവ വൈകല്യമാണ് കുപ്പിയും കല്ലും എറിയാനുള്ള കാരണമെന്നാണ് പോലീസിന്റെ നിഗമനം.
ഇനി മാതാപിതാക്കൾ കുട്ടിയെ ഉപയോഗിച്ച് കല്ലെറിയിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.