കോട്ടയം: അർധരാത്രിയിൽ ബൈക്കിലെത്തി പോലീസ് സ്റ്റേഷനുകൾക്കു നേരെ കല്ലെറിഞ്ഞ കേസിൽ പിടിയിലായ രണ്ടു യുവാക്കളെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
നീലംപേരൂർ വാലടി സ്വദേശികളായ സൂരജി(20), ശ്യാം(21)എന്നിവരെയാണ് കൈനടി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11-ന് രാത്രി 11നാണ് സംഘം ബൈക്കിലെത്തി ആദ്യം കറുകച്ചാൽ പോലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞത്.
തുടർന്നു 11.30നു ചങ്ങനാശേരി, 12ന് കൈനടി പോലീസ് സ്റ്റേഷനുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. 2019 ഒക്ടോബറിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് രേഖകൾ ഇല്ലാത്തതിനു കൈനടി പോലീസ് പിടികൂടിയിരുന്നു.
പോലീസ് പിടിച്ചെടുത്ത ബൈക്ക് തിരികെ ലഭിക്കാത്തതിലുള്ള വിരോധം തീർക്കുന്നതിനാണ് സംഘം പോലീസ് സ്റ്റേഷനുകൾക്കു നേരെ ആക്രമണം നടത്തിയത്.
സ്റ്റേഷനിലേക്ക് “കല്ലുമഴ’
ബൈക്കിലെത്തിയ ഇവർ സ്റ്റേഷനുകൾക്കു മുന്പിൽ ബൈക്ക് നിർത്തിയശേഷം കൈയിൽ കരുതിയിരുന്ന കല്ലുകൾ സ്റ്റേഷനുകൾക്കു നേരേ എറിയുകയായിരുന്നു. കല്ലേറിൽ കറുകച്ചാൽ സ്റ്റേഷന്റെ ജനാല ചില്ലു തകർന്നിരുന്നു.
ചങ്ങനാശേരി പോലീസ് സ്റ്റേഷനു മുന്പിലെത്തിയ സംഘം സ്റ്റേഷനുമുന്പിൽ ഇറങ്ങിനിന്ന് കല്ലെറിയുകയായിരുന്നു. പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്നയാൾ ഇറങ്ങിവന്നപ്പോഴേക്കും സംഘം കടന്നുകളഞ്ഞു.
ചങ്ങനാശേരി സ്റ്റേഷനിലെ പാറാവുകാരൻ കണ്ടതുപ്രകാരം പ്രതികളുടെ രേഖാചിത്രം തയാറാക്കി മറ്റു പോലീസ് സ്റ്റേഷനുകളിൽ നൽകുകയും മൊബൈൽ ടവർ സംബന്ധിച്ച് പരിശോധന നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
മൂന്നു പോലീസ് സ്റ്റേഷനുകളും സംയുക്തമായി നടത്തിയ അന്വേണത്തിന്റെ ഭാഗമായി കറുകച്ചാൽ മുതൽ കൈനടി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധന നടത്തിയിരുന്നു.
സർക്കാർ ഓഫീസിനുനേരേ അക്രമം, കടന്നുകയറ്റം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുപ്രകാരമാണു പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഇവർക്കൊപ്പം മറ്റൊർക്കെങ്കിലും ആക്രമണത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
കോവിഡ് പ്രത്യേക ജയിലിൽ കഴിയുന്ന ഇവരെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയശേഷമേ കറുകച്ചാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയുള്ളു.