കല്യോട്ട്(കാസർഗോഡ്): കല്യോട്ട് തുടർച്ചയായി അരങ്ങേറുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടതിനെ തുടർന്ന് അരങ്ങേറുന്ന സംഘർഷാവസ്ഥയാണ് കഴിഞ്ഞദിവസങ്ങളിൽ രൂക്ഷമായത്.
തിങ്കളാഴ്ച രാത്രി കോൺഗ്രസ് അധീനതയിലുള്ള യുവജന വാദ്യകലാസംഘം ഓഫീസ് ഒരു സംഘം തകർത്തിരുന്നു. വൈകുന്നേരം പ്രതിഷേധം യോഗം കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് പരാതിപ്പെട്ടു. പോലീസ് അനുമതിയില്ലാതെ സിപിഎം പ്രതിഷേധയോഗം നടത്തിയതിനുൾപ്പെടെ ഏഴു കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും കോടതി റിമാൻഡ് ചെയ്തു.ഞായറാഴ്ച രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞിരുന്നു.
കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ദീപു കൃഷ്ണന്റെ വീടിനുനേരെയാണ് രാത്രി പതിനൊന്നോടെ അക്രമികൾ സ്റ്റീൽ ബോംബ് എറിഞ്ഞത്. ഇതിനുപിന്നാലെ സിപിഎം പ്രവർത്തകരുടെ വീടുകൾക്കുനേരെ വ്യാപക അക്രമമുണ്ടായി.
കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അച്ഛൻ കൃഷ്ണനെ വധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരുസംഘം വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയത്. അക്രമികൾക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.