കീഴ്പ്പള്ളി: പിഎച്ച്സിക്ക് സമീപമുള്ള മാടത്താനിക്കുന്നേൽ ബിജുവിന്റെ ചായക്കടയിൽ മോഷണം നടത്തി.
ഓട് പൊളിച്ച് സീലിംഗും തകർത്ത് അകത്തുകയറിയ കള്ളൻ, മേശയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയോളം വരുന്ന പത്ത് രൂപ നോട്ടുകളും പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന മിക്സ്ചർ, ബണ്ണ് എന്നിവയും കൊണ്ടുപോയി.
ചായക്കടയോട് ചേർന്ന് തന്നെയാണ് ബിജുവും കുടുംബവും സ്ഥിരമായി താമസിച്ചിരുന്നതെങ്കിലും ഒരു മാസത്തോളമായി അരക്കിലോമീറ്റർ അകലെയുള്ള തറവാട്ട് വീട്ടിലായിരുന്നു താമസം.
രാവിലെ കട തുറക്കാൻ എത്തിയപ്പോൾ വരാന്തയിൽ മൂന്നു കുപ്പികളിലായി കള്ളുനിറച്ചു വച്ചത് കാണുകയും അത് എടുത്ത് മാറ്റിയശേഷം കടതുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്.
ആറളം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സിഐ സുധീർ കല്ലന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി.