കൊച്ചി: നെടുന്പാശേരി കള്ളനോട്ട് കേസിൽ ഒന്നാംപ്രതി കുറ്റക്കാരനെന്ന് കോടതി. മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശി ആബിദ് ഹസനെയാണ് എറണാകുളം പ്രത്യേക എൻഐഎ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2013 ജനുവരി 26നു നെടുന്പാശേരി വഴി 9,75,000 രൂപയുടെ കള്ളനോട്ടുമായി എത്തിയത് ആബിദാണെന്ന് തെളിഞ്ഞിരുന്നു.
ആബിദിനെ കൂടാതെ കൊടുങ്ങല്ലൂർ പെരിഞ്ഞനം പുതുവീട്ടിൽ മുഹമ്മദ് ഹനീഫ, മലപ്പുറം വണ്ടൂർ കരുവാരകുണ്ട് നീലഞ്ചേരി തെക്കേതിൽ പൊടി സലാം എന്ന അബ്ദുൾ സലാം, പുതുച്ചേരി സ്വദേശി ആന്റണി ദാസ് എന്നിവരാണ് മറ്റു പ്രതികൾ. കേസിലെ മുഖ്യപ്രതിയായ അഫ്താബ് ബട്കി ഇപ്പോഴും ഒളിവിലാണ്.
കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാനിരുന്ന ദിവസം ജഡ്ജി വിരമിച്ചതിനെത്തുടർന്നു വീണ്ടും വിചാരണ നടത്തിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികൾക്കെതിരേ എൻഐഎ ചുമത്തിയിരുന്ന യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ നേരത്തെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു.