മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: മേടുരുകും കാട്ടിൽ വറുതിയിലായ പക്ഷിമൃഗാദികൾക്ക് അന്നവും, കുടിനീരുമൊരുക്കി മരംബാലന്റെ കരുതൽ. നീരുറവകൾ വറ്റിവരണ്ട് കാടിറങ്ങിയെത്തുന്ന ജീവനുകൾക്ക് ഒരിത്തിരി അന്നം.
വേനൽ സൂര്യൻ കനൽ വിരിച്ച കാടുകൾ കാത്തുവച്ച അക്ഷയപാത്രവും മെലിഞ്ഞപ്പോൾ നിസഹായരായി തീർന്ന വന്യ ജീവികൾക്ക് രക്ഷകനാവുകയാണ് കല്ലൂർ ബാലൻ.
മൊത്ത വിൽപ്പനക്കടകളിൽ നിന്നും, അല്ലാതെയും ശേഖരിച്ച പഴവർഗങ്ങളുമായെത്തിയ കല്ലൂർ ബാലൻ അയ്യർ മലയുടെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും ഇറങ്ങി ഈണത്തിൽ മൂന്നുതവണ ചൂളമടിച്ചതോടെ പച്ചപ്പുകൾ കരിഞ്ഞ കാടിന്റെ മണ്ണിൽ നിന്നും ക്ഷണനേരംകൊണ്ട് ഇത്തിരി അന്നവും വെള്ളവും തേടിയെത്തിയത് കുരങ്ങനും, മയിലും, മലയണ്ണാനും പേരറിയാത്ത മറ്റ് വന്യജീവികളുമാണ്.
വാഹനത്തിൽ നിന്നും മുന്തിരിക്കുലകളും, ആപ്പിളും, ഓറഞ്ചും തണ്ണിമത്തനും, പഴവർഗങ്ങളും കാടിന്റെ ഓരം ചേർന്ന് ബാലൻ നിക്ഷേപിച്ചു. പറന്നെത്തിയ പലതരത്തിലുള്ള പക്ഷികൾ മത്സരിച്ച് തീറ്റ തുടങ്ങി.
കുടിനീരിനായി ചിറകിട്ടടിച്ചപ്പോൾ കൈയിൽ കരുതിയ വിസ്തൃതിയുള്ള പ്ലാസ്റ്റിക് വീപ്പയിൽ ജലം ഒഴിച്ച് ബാലൻ കാട്ടുജീവികൾക്ക് അന്നമൂട്ടി.
വേനലിലെ വറുതി ആരംഭിച്ച ഘട്ടം മുതൽ കല്ലൂർ ബാലൻ എന്ന പ്രകൃതിസ്നേഹി ഒരു നിയോഗം പോലെ അയ്യർ മലയിലെ പക്ഷിമൃഗാദികൾക്ക് അന്നവും, ജലവും ഉൗട്ടുന്നുണ്ട്.
അതിരാവിലെ തന്നെ തന്റെ വാഹനത്തിൽ കയറി കടകളിൽ നിന്നും ശേഖരിക്കുന്ന പഴവർഗങ്ങളുമായി അയ്യർ മാലയുടെ വൃഷ്ടിപ്രദേശത്തെത്തും.
പിന്നീട് ഇവിടെ നിക്ഷേപിക്കും. മുള്ളൻപന്നികളും, കാട്ടുപന്നികളും മറ്റു ജീവികളുമെല്ലാം ഇവ തിന്ന് വിശപ്പടക്കാനെത്തും. ഭക്ഷണത്തിനൊപ്പം കുടിനീരും. വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിലധികമായി വേനൽക്കാലത്ത് ഇദ്ദേഹത്തിന്റെ കരുതലിലാണ് അയ്യർ മലയിലെ പക്ഷിമൃഗാദികൾ കഴിയുന്നത്.
വേനലിന്റെ കത്തുന്ന തീഷ്ണതയിൽ കുടിനീരുണങ്ങിയ വനത്തിനുള്ളിൽ ആഹാരവും, വെള്ളവുമില്ലാതെ ദുരിതത്തിലായ പക്ഷിമൃഗാദികൾക്ക് തന്നാലാവുന്ന വിധം ആഹാരമെത്തിക്കുകയെന്ന ദൗത്യമാണ് കല്ലൂർ ബാലൻ സ്വയം ഏറ്റെടുത്തിരിക്കുന്നത്.
വഴിയോരങ്ങളിൽ മറ്റൊരു ദൗത്യവുമായും ബാലനെ ഈ വേനലിൽ കാണാനാവും. ദാഹിച്ചുവലഞ്ഞെത്തുന്നവർക്ക് സൗജന്യമായി പ്രത്യേകം തയ്യാറാക്കിയ ജൈവ പാനീയം നൽകുകയാണ് ഇദ്ദേഹം.
കടകളിൽ നിന്നും ദാഹം ശമിപ്പിക്കാൻ പത്തും, ഇരുപതും രൂപ നൽകണമെന്നിരിക്കെ ഒരണ പോലും വാങ്ങാതെയാണ് ബാലൻ ദിവസവും ആളുകൾക്ക് സൗജന്യമായി പ്രത്യേകം തയ്യാറാക്കിയ സംഭാരം വിതരണം ചെയ്യുന്നത്.
ഉത്സവ പറന്പുകളിലും ഇദ്ദേഹത്തിന്റെ സൗജന്യ ജൈവ പാനീയ വിതരണം നൂറുകണക്കിന് ആളുകൾക്ക് ആശ്വാസത്തിന് വക നൽകുന്നുണ്ട്.
വേനൽക്കാലം തുടങ്ങിയാൽ എല്ലാവർഷവും ഇത്തരത്തിൽ നടന്ന് തളർന്നെത്തുന്നവർക്ക് സൗജന്യമായി മോരും സംഭാരവും നൽകാറുണ്ടെന്ന് ബാലൻ പറയു ന്നു.
വേനൽചൂടിൽ വെന്തുരുകുന്ന മരചെടികൾക്ക് വെള്ളം പകർന്നുനൽകാനും ഇതിനിടയിൽ ഇദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.
നീട്ടിവളർത്തിയ മുടിക്ക് അലങ്കാരമായി ചുറ്റികെട്ടിയ പച്ച റിബണും, ഷർട്ടും താടിയുമായി, തെരുവോരങ്ങളിൽ കല്ലൂർ ബാലൻ സേവനം നടത്തുന്നത് പതിവുകാഴ്ചയാണ്.
വൃക്ഷ സ്നേഹത്തിനപ്പുറത്തേക്ക് സഹജീവി സ്നേഹത്തിന്റെ കൂടി പുതിയ രാസവാക്യമാണ് കല്ലൂർ ബാലൻ ഈ വേനലിൽ തുന്നിച്ചേർക്കുന്നത്.