പാലക്കാട്: ഭാവി മുന്നിൽക്കണ്ട് കള്ളുചെത്ത് വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള ടോഡി ബോർഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐടിഐ. ഗസ്റ്റ് ഹൗസിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കള്ളിൽ കൃത്രിമത്വം ചേർക്കുന്നതും തൊഴിലാളികളെ ബിനാമികൾ ചൂഷണം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നിരീക്ഷണവും നടപടിയുമുണ്ടാകും. അനധികൃത വിൽപ്പനയെയും ശക്തമായി തടയും. കള്ളിന്റെ അനധികൃത വിൽപന ഷാപ്പുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നതിനാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
കള്ള്ചെത്ത് വ്യവസായത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടാണ് ടോഡി ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അംഗീകൃത തൊഴിലാളികൾക്ക് രജിസ്ട്രേഷൻ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും തൊഴിലാളികളുടെ തൊഴിൽ സംരക്ഷണമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വ്യാജ മദ്യവിൽപ്പനയുടെ വർധനവ്, തൊഴിൽ മേഖലയിലേയ്ക്കുള്ള ലോബികളുടെ കടന്നുകയറ്റം, തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ട്രേഡ് യൂണിയൻ പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.
ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്ന മദ്യത്തിന്റെ വ്യാജ ഒഴുക്ക് തടയുന്നതിനായി അതിർത്തികളിൽ എക്സൈസ് പോലീസ് പരിശോധന കർശനമാക്കി തമിഴ്നാട് സർക്കാരുമായി സംസാരിച്ച് മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിന് വേണ്ട നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കും. ചിറ്റൂർ മേഖലയിലെ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ ട്രേഡ് യൂണിയൻ പ്രതിനിധികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് കമ്മീഷണർ ആനന്തകൃഷ്ണൻ ഐ.പി.എസ്, അഡീഷണൽ എക്സൈസ് കമ്മീഷണർ ഡി.രാജീവ്, അഡീഷണൽ എക്സൈസ് കമ്മീഷണർ എൻഫോഴ്സ്മെന്റ് സാം ക്രിസ്റ്റി ഡാനിയേൽ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.പി. സുലേഷ്കുമാർ, എക്സൈസ് വകുപ്പ് വകുപ്പുദ്യോഗസ്ഥർ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.