രാമവർമപുരം: നിയമപ്രകാരമുള്ള മുന്നറിയിപ്പ്….
ഇത് കള്ളുകുടിയൻമാർക്കുള്ളതല്ല സോഡ കുടിയൻമാർക്കുള്ള കള്ളുസോഡയെക്കുറിച്ചുള്ള വാർത്തയാണ്. എന്നാൽ കള്ളുകുടിയൻമാർക്കും ഈ കള്ളുസോഡ ഇഷ്ടമാകുമെന്നുറപ്പ്….
രാമവർമപുരത്തെ പോലീസ് അക്കാദമിക്ക് സമീപത്തെ ഷെറീഫിന്റെ കടയിൽ പൊരിവെയിലത്ത് നിന്ന് നാരങ്ങാവെള്ളം കുടിക്കാനായി കയറിയപ്പോഴാണ് ഷെറീഫ് ചോദിച്ചത് – കള്ളു സോഡയെടുക്കട്ടേയെന്ന്…
പെട്ടന്ന് കേട്ടപ്പോൾ പിടികിട്ടിയില്ല. കള്ളുസോഡയെന്ന് കേട്ടപ്പോൾ കള്ളാണെന്ന് കരുതി കള്ളൊന്നും വേണ്ട നാരങ്ങാവെള്ളം മതിയെന്ന് മറുപടി നൽകിയപ്പോൾ ചിരിച്ചുകൊണ്ട് ഷെറീഫ് പറഞ്ഞു. കള്ളും ചാരായവുമൊന്നുമല്ല.
സോഡയെ ഒന്നു മോഡിഫൈ ചെയ്തതാണ് കളളുസോഡ. ഒരു തുള്ളി ലഹരിപോലും ഇതിലില്ല. ഒന്നുകുടിച്ചു നോക്കു. മധുരവും ഉപ്പും പുളിയും പ്രത്യേക അനുപാതത്തിൽ ചേർത്ത് അതിൽ സോഡ ചേർത്തുണ്ടാക്കുന്നതാണ് കള്ളു സോഡ.
കൊല്ലത്തു നിന്നാണ് കള്ളു സോഡ തൃശൂരിലേക്ക് എത്തിയിരിക്കുന്നത്. ദാഹംശമിപ്പിക്കാൻ മാത്രമല്ല നല്ലൊരു ദഹനശമിനിയും വയറിന്റെ അസ്വസ്ഥതകൾക്കും നെഞ്ചിരിച്ചിലിനുമൊക്കെയുള്ള മികച്ച പാനീയവുമാണത്രെ കളളു സോഡ.
എന്താണിതിന് കള്ളു സോഡ എന്ന് പേരുവന്നതെന്നതിനെക്കുറിച്ച് ഷെറീഫിനും പിടിയില്ല. പേരിൽ മാത്രമേ കളളുമായി സാമ്യമുള്ളു. കള്ളുസോഡയെക്കുറിച്ച് കേട്ടറിഞ്ഞ് ഒറിജിനൽ കള്ളിന്റെ വീര്യം കൊതിച്ചെത്തിയവർ കള്ളുസോഡ കള്ളല്ലെന്നറിഞ്ഞ് മുഖം ചുളിച്ചതോടെ ഈ കള്ളുസോഡയ്ക്ക് നിങ്ങൾ വിചാരിക്കുന്ന വീര്യം ഇല്ലെന്ന ബോർഡുകൂടി ഷെറീഫിന് കടയിൽ സ്ഥാപിക്കേണ്ടി വന്നു.
മാറ്റാന്പുറം സ്വദേശിയായ ഷെറീഫ് പത്തുവർഷത്തോളം കൊല്ലത്ത് ജോലി ചെയ്തിരുന്നു. അവിടെ വെച്ച് രുചിച്ചറിഞ്ഞ കള്ളുസോഡ ഇപ്പോൾ തൃശൂരിലെത്തിച്ചിരിക്കുകയാണ്.
കാന്താരി മുളക്, നെല്ലിക്ക, തുളസിയില, ചെറുനാരങ്ങ, ഇഞ്ചി, മോര് എന്നിവ ചേർത്തുള്ള പ്രത്യക സോഡകളും ഷെറീഫിന്റെ കടയിലുണ്ട്.