പത്തനാപുരം : കല്ലുംകടവില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന് ഈ മണ്ഡലക്കാലത്തും പൊതുജനങ്ങള്‍ക്ക് തുറന്ന് നൽകാൻ നടപടിയില്ല. നഗരത്തിലെത്തുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാവാതെ ബുദ്ധിമുട്ടുന്നു.കല്ലുംകടവിലെ കംഫര്‍ട്ട് സ്റ്റേഷനിൽ രാപകല്‍ ഭേദമെന്യേ മദ്യപാനമുള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ശബരിമല സീസണില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ ആ മണ്ഡലകാലം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിയുമ്പോഴും വാഗ്ദാനം പാലിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.പത്തനാപുരം കല്ലുംകടവില്‍ സ്വകാര്യ ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് വക സ്ഥലത്താണ് കംഫര്‍ട്ട് സ്റ്റേഷന് പണി പൂര്‍ത്തിയായിട്ടുള്ളത്.
മല്‍സ്യലേലം നടക്കുന്ന സ്ഥലത്താണ് കംഫര്‍ട്ട് സ്റ്റേഷനും ഉള്ളത്.ഇതിനാല്‍ തന്നെ കെട്ടിടത്തിന് ചുറ്റും പെട്ടികള്‍ അടുക്കി വച്ചിരിക്കുകയാണ്.ഇതും തീര്‍ത്ഥാടകസംഘങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.