പത്തനാപുരം : കല്ലുംകടവ് പാലത്തിന്റെഅറ്റകുറ്റപ്പണികള്ക്കായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കാല്‍നടയാത്രക്കാര്‍ക്കായി പഴയപാലം സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.പത്തനംതിട്ട കൊല്ലം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗതാഗതക്കുരുക്കും വര്‍ദ്ധിച്ചിരിക്കുകയാണ്.
പാലം കടക്കാന്‍ കഴിയാതെ കാല്‍നടയാത്രികരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. പാലത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ പഴയ പാലം സഞ്ചാരയോഗ്യമാക്കിയിരുന്നെങ്കില്കാല്നടയാത്രികര്ക്കും,ഇരുചക്രവാഹനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാന്‍ കഴിയുമായിരുന്നു.എന്നാല്‍ പഴയപാലം നിലവില്‍ കാല്‍നടയാത്രപോലും സാധ്യമല്ലാത്ത വിധം കാടുമൂടിയ നിലയിലാണ്.
സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞിറങ്ങിയ നിലയിലുമാണ്.അപകടാവസ്ഥയിലായ പാലം പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിക്കപ്പെട്ടതാണ്.എന്നാല്‍ കാടുനീക്കം ചെയ്യാന്‍ പോലും ബന്ധപ്പെട്ട അധികൃതര്‍ തയാറായിട്ടില്ല.
രണ്ട് ദിവസം കൊണ്ട് വലിയ പാലത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗത സജ്ജമാക്കുമെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ ഒരാഴ്ച്ച പിന്നിട്ടിട്ടും പാലത്തിന്റെ ഒരുഭാഗം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തത്.