മാവേലിക്കര: തഴക്കര പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കല്ലുമല ചന്ത ചരിത്രമാകുന്നു. ഈ മാസം 30 ന് നിലവിലെ ലൈസൻസ് കാലാവധി അവസാനിക്കും. ചന്ത ഏറ്റെടുക്കാനായി ആരും ഇതുവരെ എത്തത്തതാണ് ചന്തയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായിരിക്കുന്നത്. ഏകദേശം എട്ട് പതിറ്റാണ്ടിന്റെ വാണിജ്യ പാരന്പര്യമാണ് ചന്തയ്ക്കുള്ളത്.
എല്ലാ ദിവസങ്ങളിലും പുലർച്ചെ തന്നെ പ്രവർത്തനം ആരംഭിക്കുന്ന ചന്തയിലേക്ക് നാടൻ ഉത്പന്നങ്ങൾ വാങ്ങാനും മത്സ്യം വാങ്ങാനും മാവേലിക്കരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് എത്തിച്ചേരുന്നത്. തദ്ദേശീയരായ കർഷകർക്ക് ഏക ആശ്രയവും ഈ ചന്തയാണ്. മാവേലിക്കര മുനിസിപ്പൽ പ്രദേശത്തെ പ്രമുഖ ചന്തയായിരുന്ന പുതിയകാവ് ചന്തയുടെ പ്രവർത്തനം മാലിന്യ നിക്ഷേപം കാരണം നിലച്ചതോടെ കല്ലുമല ചന്തയിലെ തിരക്കും വർധിച്ചിരുന്നു.
ഉൾനാടൻ മത്സ്യങ്ങളുടേയും കടൽ മത്സ്യങ്ങളുടേയും വലിയ വിപണി കൂടിയാണ് ചന്ത. സാധനങ്ങൾക്ക് വലിയ വില വർധനവ് ഉണ്ടാകുന്പോൾ പോലും ചെറുകിട കർഷകർ മിതമായ വിലയിൽ അത്തരം സാധനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും അതിലൂടെ മാവേലിക്കര നിവാസികളുടെ കുടുംബ ബജറ്റ് ഉലച്ചിലില്ലാതെ കൊണ്ടു പോകുകയും ചെയ്തിരുന്നു.
എണ്പത് വർഷത്തിനിടെ ചന്ത പലയിടങ്ങളിലായി മാറ്റി സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവർത്തനം നിലച്ചിട്ടില്ലായിരുന്നു. കല്ലുമല ചന്തയുടെ നിലവിലെ ലൈസൻസി കല്ലുമല, തടാലിൽ ടി.ഡി. ഹരിദാസനാണ്. ചന്ത ഏറ്റെടുക്കുവാൻ ആരും ഇതുവരെ മുന്നോട്ട് വരാത്തതും സ്ഥല പരിമിതിയും കാരണം ചന്ത ഇല്ലാതാവുന്നതോടെ ജീവിതം വഴിമുട്ടുന്നത് നിരവധി സാധാരണ കൃഷിക്കാർക്കും കച്ചവടക്കാർക്കുമാണ്.
പുതിയകാവ് ചന്തയ്ക്ക് ശേഷം കല്ലുമല ചന്ത കൂടി നിർത്തുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ നല്ല സാധനങ്ങൾ മിതമായ നിരക്കിൽ ലഭിച്ചിരുന്ന ഒരു വാണിജ്യകേന്ദ്രം കൂടിയണ് മാവേലിക്കരയ്ക്ക് നഷ്ടമാകുന്നത്.