തൃക്കരിപ്പൂർ: കവ്വായിക്കായലോരത്തെ കല്ലുമ്മക്കായ കർഷകർക്ക് ഇത്തവണയും കണ്ണീർതന്നെ. നിനച്ചിരിക്കാതെ എത്തിയ മഴയിൽ വിളവെടുക്കാറായ കല്ലുമ്മക്കായ കായലിൽ ഉതിർന്നു വീണാണ് വ്യാപക നാശമുണ്ടായത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്.
കല്ലുമ്മക്കായ കൃഷി ചെയ്ത വലിയപറന്പ്, പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് സംഘങ്ങൾക്കും വ്യക്തികൾക്കും മഴപെയ്തിറങ്ങിയതാണ് ദുരിതമായത്. വിളവെടുപ്പിന് ഒരുങ്ങിയ കല്ലുമ്മക്കായ വായ പിളർന്നു കുലകളിൽ നിന്നും ഉതിർന്നു വീണാണ് നശിച്ചു പോയത്. ഒരാഴ്ചയായി പെയ്ത മഴ മൂലം കവ്വായിക്കായലിൽ ഒഴുകിയെത്തിയ പുതുവെള്ളമാണ് ഇത്തവണ വില്ലനായത്.
കയറുകളിൽ മിക്കതിലും നാലും അഞ്ചും കായപോലും അവശേഷിച്ചിട്ടില്ല. 15 ചാക്ക് വിത്തിറക്കി നാലു ചാക്ക് കല്ലുമ്മക്കായ തികച്ചു തിരിച്ചു കിട്ടാത്ത സ്ഥിതിയിലാണ് ഇത്തവണയെന്ന് കഴിഞ്ഞ തവണ സംസ്ഥാനത്തെ മികച്ച കല്ലുമ്മക്കായ കൃഷി ചെയ്ത സംഘത്തിനുള്ള അവാർഡ് നേടിയ ഇടയിലെക്കാടിലെ ഉദയ വനിതാ സ്വയം സഹായ സംഘത്തിന്റെ ഭാരവാഹികൾ പറഞ്ഞു.
വലിയ നഷ്ടമാണ് ഇത്തവണ മഴമൂലം കർഷകർക്ക് ഉണ്ടായത്. അത് കൊണ്ട് തന്നെ മിക്ക സംഘങ്ങളും വ്യക്തികളും വലിയ സാന്പത്തീക ബാധ്യതയിലാവും. ബാങ്കിൽ നിന്നും മറ്റു വായ്പാ കേന്ദ്രങ്ങളിൽ നിന്നും കടമെടുത്ത് പ്രതീക്ഷയോടെ ഇറക്കിയ കല്ലുമ്മക്കായ കൃഷി കവ്വായിക്കായലിൽ ഉതിർന്നു വീണു നാശമുണ്ടായതിൽ കണ്ണീർവാർക്കുകയാണ് തീരദേശമാകെയുള്ള കർഷകർ. കർഷകരെ കടക്കെണിയിൽ നിന്നും രക്ഷിക്കാൻ സർക്കാർ ഇത്തവണ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കല്ലുമ്മക്കായ കർഷകർ.