പടന്ന: കവ്വായിക്കായലിൽ ലക്ഷങ്ങൾ മുടക്കി കല്ലുമ്മക്കായ കൃഷി ചെയ്ത കർഷകർക്ക് ലഭിച്ചത് മുരു. ഓരി ഭാഗത്ത് കല്ലുമ്മക്കായ കൃഷിയിറക്കിയ കയറിലാണ് മുരു വളർന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ വിളവെടുത്ത ഇടയിലെക്കാട്, തെക്കേക്കാട് പ്രദേശങ്ങളിലെ കർഷകർക്ക് ഉണ്ടായതു പോലുള്ള കൃഷിനാശമാണ് ഓരിയിലും വന്നിരിക്കുന്നത്.
കവ്വായി കായലിൽ കൃഷിയിറക്കിയ മുഴുവൻ കല്ലുമ്മക്കായക്കും കടുത്ത നാശമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. കയറുകളിൽ പലതിലും മുരു കൂടാതെ കല്ലുമ്മക്കായുടെ തോടുകൾ മാത്രമാണുളളത്.ബാങ്ക് വായ്പെയെടുത്താണ് കുടുംബശ്രീകളും വ്യക്തികളും കൃഷിയിറക്കിയത്. ചാക്കൊന്നിന് 5000 രൂപ പ്രകാരം വിലയുള്ള വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്.
കൂടാതെ വിത്തുകൾ ഉറപ്പിച്ചിരിക്കുന്ന കയർ, മുളന്തണ്ടുകൾ, പ്ലാസ്റ്റിക് കയർ തുടങ്ങിയവയ്ക്കായി ബാങ്കുകളിൽ നിന്നും അല്ലാതെയും കടമെടുത്തും ലക്ഷങ്ങളാണ് ചെലവിട്ടത്. പടന്ന ഓരിയിൽ വിളവെടുത്ത ഭാവന, ശലഭം, ഐശ്വര്യ, ധനലക്ഷ്മി, അക്ഷയ, സ്നേഹ, ഉദയ തുടങ്ങിയ കുടുംബശ്രീകളുടെയും വടക്കേപ്പുറത്തെ പി.കെ. ഭാസ്കരൻ, പി.വി. തന്പാൻ എന്നിവരുടെയും കൃഷിയിലാണ് വൻ നാശം നേരിട്ടിരിക്കുന്നത്. ഇനിയും നിരവധി സംഘങ്ങളുടെ കൃഷി വിളവെടുക്കാനുണ്ട്.