മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് കള്ളുഷാപ്പിൽ നടന്ന സംഘർഷത്തിൽ ഒരാൾക്കു തലയ്ക്ക് ഗുരുതര പരിക്ക്. ബുധനൂർ തയ്യൂർ സുരാജ് ഭവനിൽ സുരേഷി (40) നാണ് തലയ്ക്കു പരിക്കേറ്റത്. സംഭവത്തിൽ മൂന്നു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
എണ്ണയ്ക്കാട് ബുധനൂർ പെരിങ്ങാട് ശ്രീവിലാസത്തിൽ സജിയുടെ മകൻ അനന്ദു (21), ബുധനൂർ എണ്ണയ്ക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദു സുധൻ (22), ബുധനൂർ എണ്ണയ്ക്കാട് വടക്ക് കൊക്കാലയിൽ വീട്ടിൽ ഉദയൻ മകൻ വിശാഖ് (27)എന്നിവരാണ് പോലീസ് പിടിയിലായത്.
സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാനുണ്ട്. എണ്ണയ്ക്കാടുള്ള കള്ളുഷാപ്പിൽ കള്ള് കുടിക്കുന്നതിനിടെ പ്രതികൾക്കു കൊണ്ടുവന്ന കള്ളുകുപ്പി അബദ്ധത്തിൽ മാറി സുരേഷ് എടുത്തതാണ് സംഘർഷത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ഇഷ്ടിക കൊണ്ടും കള്ളുകുപ്പി കൊണ്ടും തലയ്ക്ക് അടിയേറ്റ സുരേഷ് വണ്ടാനം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം, എസ്ഐ ജോൺ തോമസ്, ജിഎസ്ഐ സജികുമാർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.