കൊല്ലം : കല്ലുവാതുക്കൽ പഞ്ചായത്ത് പ്രദേശത്ത് സ്രവ സാമ്പിൾ പരിശോധന നടത്തിയ 140 പേരും നെഗറ്റീവ്. ഇന്നലെ ഏഴു പേരുടെ പരിശോധന ഫലം കൂടി എത്തിയതോടെയാണ് 140 പേരും നെഗറ്റീവായത്. ഇതോടെ പ്രദേശത്തെ ഭീതി കുറെ ഒഴിഞ്ഞിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തംഗത്തിന് കോവിഡ്- 19രോഗം പിടിപെട്ടിരുന്നു. ഇവരുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടിരുന്നവരുടെ സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളുടെയും വിവിധ പാർട്ടികളിലെ പ്രാദേശിക നേതാക്കളുടെയും സ്രവസാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു.
അതേസമയം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ ഒരു രോഗിയെ കൂടി പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തിയ വെട്ടിക്കവല സ്വദേശിയായ 54 കാരനാണ് രോഗി. ഇ തോടെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ ജില്ലയിലുള്ള ഏഴ് പേർ ചികിത്സയിലാണ്.
ചികിത്സയിലുള്ള ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.ഇവർ തൊട്ടടുത്ത ദിവസം ആശുപത്രി വിട്ടേക്കുമെന്നറിയുന്നു.ഹോട്ട്സ്പോട്ടായ കല്ലുവാതുക്കൽ പഞ്ചായത്ത് പ്രദേശം പോലീസിന്റെ കർശന നിയന്ത്രണത്തിലാണ്. കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങിയെങ്കിലും കല്ലുവാതുക്കൽ പഞ്ചായത്ത് പ്രദേശത്തെ ഒഴിവാക്കിയിരിക്കയാണ്.
ജില്ലയിൽ നിലവില്‍ 10 പേരാണ് രോഗം സ്ഥിരീകരിച്ച് പരിചരണത്തിലുള്ളത്. 20 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മാസ്കും സാനിറ്റൈസറും ശീലമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകണം. സാമൂഹിക വ്യാപനം സ്വയം നിയന്ത്രണങ്ങളിലൂടെ ചെറുക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.