ചാത്തന്നൂർ: നാൽപ്പത് വർഷത്തിനുശേഷം സിപിഐയ്ക്ക് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ലഭിച്ച ു. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഏക വനിതാ അംഗമായ കെ.സിന്ധു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
1964ൽ പ്രസിഡന്റായ സിപിഐയിലെകെ.ഗോപിനാഥൻ നായർ അടിയന്തിരാവസ്ഥയുടെ ആനുകൂല്യം ഉൾപ്പെടെ 1979 വരെ പ്രസിഡന്റായി തുടർന്നു. 79 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായ പി. എം.ഹനീഫ ലബ്ബ പ്രസിഡന്റായി. തുടർന്ന് സിപിഎമ്മുകാരായ ജോർജ്കുട്ടി എബ്രഹാം, കെ.ചന്ദ്രവല്ലി, സുലത ശിവപ്രസാദ്, ശ്രീധരൻ മാസ്റ്റർ, എൻ.രാജേന്ദ്രൻ പിള്ള, പി.അംബികാ കമാരി എന്നിവർ സിപിഎം പ്രസിഡന്റുമാരായി. ഇടതുമുന്നണി രൂപം കൊണ്ടപ്പോഴും സിപിഐയ്ക്ക് ലഭിച്ചത് വൈസ് പ്രസിഡന്റ് സ്ഥാനം മാത്രം.
പഞ്ചായത്ത് ഭരണം അവസാനിക്കാൻ കഷ്ടിച്ച് ഒമ്പത് മാസം മാത്രം ബാക്കി നില്ക്കേ പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി സിപിഐഇടതു മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കി.ഇതേ തുടർന്ന് സിപിഎമ്മുകാരിയായ പ്രസിഡന്റ് പി.അംബികാ കുമാരി രാജി വെച്ചു. തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നതും, നാൽപ്പത് വർഷത്തിന് ശേഷം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ തല്ക്കാലത്തേയ്ക്കെങ്കിലും സിപിഐയ്ക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതും.