ചാത്തന്നൂർ: തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോൾ മുള്ളുകാട് നെടീക്കോട്ട് കുളവും പരിസരവും കാട് മൂടി. ഇഴജന്തുക്കളുടെയും മദ്യപാനികളുടെയും താവളമായ ഇവിടെ ഒരു കുളം ഉണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥയാണ്.
കല്ലുവാതുക്കൽ പഞ്ചായത്തിലെ പുതിയപാലം വാർഡിലുള്ള കുളമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ഇരുപത് സെന്റോളമുണ്ടായിരുന്ന കുളത്തിന്റെ വിസ്തൃതി കൈയേറ്റം മൂലം ഇന്ന് പകുതിയോളമായി. കുളത്തിന് സമീപത്ത് പണികഴിപ്പിച്ച കിണർ ഇടിഞ്ഞുവീണു. എന്നാൽ ഇതൊന്നും അധികാരികൾ മാത്രം അറിഞ്ഞമട്ടില്ല.
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള കുളമാണ് ഇന്ന് അവഗണനയുടെ കഥമാത്രം പറയുന്നത്. കൃഷി ഉണ്ടായിരുന്നപ്പോൾ കുളത്തിൽ നിന്ന് ചാൽ കീറി വെള്ളം കൊണ്ടുപോയിരുന്നതും മൂരികളുമായി വയലിൽ ഉഴുത് കഴിഞ്ഞ് കുളത്തിൽ അവയെ കുളിപ്പിക്കുന്നതും പതിവ് കാഴ്ചയായിരുന്നതായി പഴമക്കാർ ഒാർക്കുന്നു.
എന്നാൽ ഇന്ന് അതെല്ലാം പുതിയ തലമുറയ്ക്ക് അന്യമാകുകയാണ്. കുളത്തിന്റെ വശങ്ങൾ ഇതു വരെ അതിർത്തി നിർണയിച്ച് കെട്ടി തിരിച്ചിട്ടില്ലാത്തതാണ് ഇവിടുത്തെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം. വർഷങ്ങൾക്ക് മുമ്പേ കുളത്തിലേക്ക് പോകാൻ ഉപയോഗിക്കുന്ന നടവഴിയും പിൽക്കാലത്ത് കൈയേറ്റം മൂലം നഷ്ടമായി.
ഇക്കാര്യം നാട്ടുകാർ പലതവണ പഞ്ചായത്തിൽ പരാതിപ്പെടുകയും ഗ്രാമസഭയിൽ ഉന്നയിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുളത്തിന്റെ സംരക്ഷണത്തിനായി അധികൃതർ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം ശക്തം.