സ്വന്തം ലേഖകൻ
തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടും.
തടവുകാരുടെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ സമിതി നിലനിൽക്കേ സമിതിയുടെ റിപ്പോർട്ട് ഒഴിവാക്കി, ചീഫ് സെക്രട്ടറിതല സമിതിയെ ജയിൽ മോചനക്കാര്യം ഏൽപിച്ചതും ഇവരുടെ റിപ്പോർട്ടിലെ നിയമസാധുതയുമാകും ഗവർണർ പ്രധാനമായി പരിശോധിക്കുക.
ചീഫ് സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മണിച്ചൻ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ മോചിപ്പിക്കാനാണ് ആദ്യം ശിപാർശ ലഭിച്ചത്. എന്നാൽ, പിന്നീട് പട്ടിക 33 ആക്കി ചുരുക്കുകയായിരുന്നു.
ഇതിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടോയെന്നും അർഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോയെന്നുമാണു ഗവർണർ പരിശോധിക്കുക.
മിൽമ ഭരണം കോണ്‍ഗ്രസിൽ നിന്നു പിടിച്ചെടുക്കുന്നതിനു സഹകരണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ഓർഡിനൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനു പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസ് തുടങ്ങിയവയും ഗവർണറുടെ പരിഗണനയിലുള്ള ഓർഡിനൻസുകളാണ്.