ചേർത്തല: കടുത്ത ചൂടിൽ തെങ്ങുകളിൽ കള്ളിന്റെ ലഭ്യത കുറയുകയും പാലക്കാട്ടു നിന്നുള്ള കളളിന്റെ വരവു കുറയുകയും ചെയ്തതോടെ ജില്ലയിൽ ലഹരിക്കള്ള് വ്യാപകമായി. കള്ളിന് വീര്യം കൂടാൻ കഞ്ചാവും സ്പിരിറ്റും ഹാൻസ് പോലെയുള്ള ലഹരിപദാർഥങ്ങളും കൂട്ടിചേർത്താണ് വില്പന പൊടിപൊടിക്കുന്നത്. വേനൽച്ചൂട് കൂടിയതും ഗ്രാമപ്രദേശങ്ങളിൽ ഉത്സവ കാലമായതും മൂലം ലഹരിക്കള്ളു വിൽപന വൻതോതിലാണ് നടക്കുന്നത്.
ചേർത്തല താലൂക്കിലെ വിവിധയിടങ്ങളിലെ ഷാപ്പുകളിൽ കൃത്രിമമായി നിർമിച്ച കള്ള് സുലഭമാണ്. കഴിഞ്ഞദിവസം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നടന്ന റെയ്ഡിൽ കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് 22 ഓളം ഷാപ്പുകളാണ് എക്സൈസ് പൂട്ടിച്ചത്. ചേർത്തലയിലെ രണ്ട് ഗ്രൂപ്പുകളിലും കുട്ടനാട്, മാവേലിക്കര ഗ്രൂപ്പുകളിലുമാണ് പരിശോധന നടത്തിയത്.
കള്ളുഷാപ്പുകളിൽ നിന്നും ശേഖരിക്കുന്ന സാംപിളുകളുടെ പരിശോധനാഫലം ലഭിക്കാനുള്ള കാലതാമസവും ഇവർക്ക് അനുഗ്രഹമാണ്. പരിശോധനാഫലം ലഭിക്കാൻ ഏകദേശം അഞ്ചുമാസത്തോളം കാത്തിരിക്കേണ്ടിവരും. തൽസമയം ഫലം ലഭിക്കുന്ന സംവിധാനം എക്സൈസിന്റെ മൊബൈൽ പരിശോധന ലാബിൽ മാത്രമാണുള്ളത്.
ഒക്ടോബറിൽ ശേഖരിച്ച സാംപിളുകളുടെ പരിശോധനാഫലം അടുത്തിടെ ലഭിച്ചപ്പോഴാണ് ഗുരുതരമായ മായം ചേർക്കൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് ഷാപ്പുകളുടെ ലൈസൻസികളുടെയും വിൽപനക്കാരുടെയും പേരിൽ കേസെടുത്തിട്ടുണ്ട്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ വെളിച്ചത്തുവരുന്നതല്ലാതെ കൂടുതൽ നടപടികൾ അധികൃതർ എടുക്കുന്നില്ലെന്ന് ആക്ഷേപം ഉണ്ട്.
ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ,കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ ലഹരിക്കള്ളിന്റെ വേനൽകാല വിൽപന പതിവുപോലെ തകൃതിയായി നടക്കുകയാണെന്ന് എക്സൈസ് സേനയുമായി ബന്ധപ്പെട്ടവർ തന്നെ വെളിപ്പെടുത്തി. നല്ല കളളിന്റെ സാപിംൾ പരിശോധനകർക്കായി കരുതിവെച്ച ശേഷമാണ് ഇവർ ലഹരിക്കള്ള് വിൽക്കുന്നത്. ജില്ലയിലെ തെക്കൻമേഖലകളിൽ ഷാപ്പുകളിൽ തന്നെയാണ് ലഹരിക്കള്ള് നിർമാണം.
ഈ പ്രദേശങ്ങളിൽ കൃത്രിമ കള്ളുകൾ വൻ തോതിൽ നിർമിക്കുന്ന കേന്ദ്രങ്ങളുണ്ട്. ചില അബ്കാരികൾ ഇതിനായി ഗോഡൗണുകൾ വരെ പ്രവർത്തിപ്പിക്കുന്നുണ്ടത്രെ. ജില്ലയുടെ തെക്കൻ മേഖലകളിൽ വൻതോതിൽ സ്പിരിറ്റ് എത്തുന്നതായും സൂചനയുണ്ട്. വിവിധ തരിശുനിലങ്ങൾ കേന്ദ്രീകരിച്ച് വ്യാജമദ്യവും കഞ്ചാവ് ചാരായവും ഉൽപാദിപ്പിക്കുന്നുണ്ട്.
തീരദേശമേഖലയിലും അനധികൃത മദ്യവിൽപന വ്യാപകമാണ്. രക്തശുദ്ധി വരുത്തുന്ന അരിഷ്ടം എന്ന പേരിൽ ലഹരിവസ്തുക്കൾ കലർന്ന ലായനിയുടെ വിൽപനയും ജില്ലയിൽ വർധിച്ചിട്ടുണ്ട്. വിവിധ ബാറുകളിൽ കൂടിയും വ്യാജമദ്യം വിൽക്കുന്നതായി ആക്ഷേപമുണ്ട്. എന്നാൽ എക്സൈസ് അധികൃതർ വൻകിട ബാറുകൾക്കെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നില്ല. എക്സൈസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ തുടർ നടപടികൾ യഥാവിധിയുണ്ടാകുന്നില്ലെന്ന് നേരത്തെ വിജിലൻസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു