പയ്യന്നൂര്‍:കള്ളവോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമ നടപടിക്ക് യുഡിഎഫ്. യുഡിഎഫിലെ അഭിഭാഷകര്‍ യോഗം ചേര്‍ന്നാണ് കള്ളവോട്ട് പ്രവണത മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ തീരുമാനമെടുത്തത്.
വോട്ടുചെയ്യാനെത്തുന്നത് വ്യാജവോട്ടറാണെന്ന് ബോധ്യമുണ്ടായാലും ബൂത്ത് ഏജന്റ് എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും യഥാര്‍ഥ വോട്ടറാണെന്ന് ബോധ്യപ്പെടേണ്ടത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണെന്നുമാണ് യോഗത്തിന്റെ വിലയിരുത്തല്‍. പോളിംഗ് ഓഫീസര്‍ക്ക് സംശയമുണ്ടായാല്‍ കൂടുതല്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടാമെന്നിരിക്കേ ബൂത്തില്‍ കള്ളവോട്ട് നടക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണ്.
ബൂത്ത് ഏജന്റ് ഇല്ലെങ്കില്‍ പോലും യഥാര്‍ഥ വോട്ടറാണ് വോട്ടുചെയ്യുന്നതെന്ന് ബോധ്യപ്പെടേണ്ടത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണെന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ കുറ്റത്തിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.
പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ബൂത്ത് എജന്റുമാരായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറയുന്നതിനായി സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് ഇന്ന് പയ്യന്നൂരിലെത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് പയ്യന്നൂര്‍ ടോപ്പ്ഫോം ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്വീകരിക്കുന്ന നിയമ നടപടികള്‍ക്ക് ബൂത്ത് ഏജന്റുമാരെ ഉറപ്പിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ അന്‍പതോളം ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.വരുംകാലങ്ങളില്‍ ഒരാള്‍ക്ക് ഒരുവോട്ട് എന്ന ജനാധിപത്യ അവകാശം സംരക്ഷിക്കുന്നതിനായാണ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഡി.കെ.ഗോപിനാഥ് പറഞ്ഞു.