സ്ത്രീകൾ എന്ന നിലയിൽ അധികം ആരുടെയും സംശയ നിഴലിൽ പെടാതെ തട്ടിയെടുക്കലുകൾ നടത്താനും ഇരുവർക്കും കഴിഞ്ഞു. കുട്ടികളെ തട്ടിയെടുത്തു എന്നതു മാത്രമല്ല, അവരോടു യാതൊരു കരുണയും ഇവർ കാട്ടിയില്ല എന്നതാണ് മറ്റൊരു ക്രൂരത.
തട്ടിക്കൊണ്ടു വന്ന കുട്ടികളെ പരമാവധി ഇവർ ഉപദ്രവിച്ചും ഭയപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കി.
കുട്ടികൾ മറ്റുള്ളവരോട് ഇടപഴകാതിരിക്കാനും ഒന്നും പുറത്തുപറയാതിരിക്കാനുമൊക്കെയായിരുന്നു ദേഹോപദ്രവം. കുട്ടികളെ യാചകവൃത്തിക്ക് ഉപയോഗിച്ചാൽ നല്ല വരുമാനമുണ്ടാക്കാമെന്നും അവർ കണക്കാക്കി.
ഭക്ഷണവും വെള്ളവുമില്ലാതെ
അംഗവൈകല്യമുള്ള കുട്ടികളാണെങ്കിൽ ആളുകളുടെ കൂടുതൽ സഹതാപം ലഭിക്കുമെന്നും അങ്ങനെ കൂടുതൽ പണം കിട്ടുമെന്നും അവർ കരുതി.
അങ്ങനെ കുഞ്ഞുങ്ങളെ അടിച്ചും തല്ലിയും കുത്തിയുമൊക്കെ അംഗവൈകല്യം വരുത്തി യാചകവൃത്തിക്കായി നിയോഗിച്ചു. ഇവരുടെ ക്രൂരപീഡനം മാത്രമല്ല സമയത്തു ഭക്ഷണമോ വെള്ളമോ ഒന്നും ഇവർ കുട്ടികൾക്കു നൽകിയിരുന്നില്ല.
മാനസികമായും ശാരീരികമായും തളർന്ന കുട്ടികളെ ഒന്നിനും കൊള്ളില്ലായെന്നു മനസിലാക്കിയാൽ അവരെ ഇവർ കൊലപ്പെടുത്തുമായിരുന്നു. കുട്ടികളുടെ ദയനീയ നോട്ടമോ നിലവിളിയോ ഒന്നും ഇവരെ സ്പർശിച്ചില്ല.
മനുഷ്യത്വമോ മാതൃത്വമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വെറും മൃഗങ്ങളായിരുന്നു ഇവരെന്നു പറയാം.ഒടുവിൽ 1996ലാണ് നാസിക്കിൽവച്ച് ഇവർ പോലീസ് പിടിയിലാകുന്നത്.
നാസിക്കിൽനിന്ന് ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണത്തിലാണു സഹോദരിമാരെയും അമ്മയെയും പിടികൂടിയത്. ഇവരുടെ അച്ഛനെയും കേസിൽ പിടികൂടി.
പക്ഷേ അച്ഛൻ നിരപരാധിയായിരുന്നുവെന്നു കണ്ട് പിന്നീടു കോടതി വെറുതെവിട്ടു.
പിടിയിലായ സഹോദരിമാരെ വിശദമായിതന്നെ പോലീസ് ചോദ്യംചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ നടത്തിയ വെളിപ്പെടുത്തലുകൾ കേട്ടു പോലീസുകാർ പോലും ഞെട്ടിത്തരിച്ചു.
എങ്ങനെ സഹിക്കും?
ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ കരഞ്ഞുവെന്നുപറഞ്ഞു നിലത്തടിച്ചാണ് ഇവർ കൊലപ്പെടുത്തിയത്. രണ്ടു വയസുള്ള മറ്റൊരു കുഞ്ഞിന്റെ തല മതിലിൽ ഇടിപ്പിച്ചു കൊലപ്പെടുത്തി.
പിന്നീട് മൃതദേഹം മുറിച്ചു ബാഗുകളിലാക്കി തിയറ്ററിൽ പോയി സിനിമ കണ്ടു. ശേഷം മൃതദേഹം ഉപേക്ഷിച്ചു.
ഇങ്ങനെ ഇവർ നടപ്പാക്കിയ ഒന്പതു കൊലപാതകങ്ങളുടെയും പിന്നാന്പുറ കഥകൾ കേട്ടു പോലീസുകാർ പോലും തരിച്ചിരുന്നു.
സഹോദരിമാരുടെ ക്രൂരകൃത്യങ്ങളെല്ലാം ഇവരുടെ അമ്മയ്ക്ക് അറിയാമായിരുന്നു. എന്നാൽ, ഒരിക്കൽപ്പോലും മക്കളെ തിരുത്താൻ അവർ തയാറായില്ല. കേസിൽ വിചാരണ നടക്കുന്നതിനിടയിൽ ഇവരുടെ അമ്മ അഞ്ജന 1998ൽ അസുഖ ബാധിതയായി ജയിലിൽ മരിച്ചു.
ഇപ്പോഴും ജയിലിൽ
13 കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലും ഒന്പതു കുട്ടികളെ കൊലപ്പെടുത്തിയ കേസിലും ഇവർ കുറ്റക്കാരാണെന്ന് 2001 ജൂൺ 29ന് സെഷൻസ് കോടതി കണ്ടെത്തി.
2006 ഓഗസ്റ്റ് 31 ന് ഹൈക്കോടതി ഈ രണ്ട് സീരിയൽ കില്ലർ സഹോദരിമാരെ വധശിക്ഷയ്ക്കു വിധിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആദ്യ സ്ത്രീകളാണ് ഇവർ.
ഹൈക്കോടതി വിധിക്കെതിരേ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും വധശിക്ഷ ശരിവയ്ക്കുകയാണ് ഉണ്ടായത്. തുടർന്ന് 2014 ഒാഗസ്റ്റിൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിക്കു ദയാഹർജി നൽകിയെങ്കിലും അതും രാഷ്ട്രപതി തള്ളിക്കളഞ്ഞു.
എല്ലാ വാതിലുകളും അടഞ്ഞെങ്കിലും ഇപ്പോഴും ഇവരുടെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. പൂനയിലെ യെർവാഡ ജയിലിൽ ഇവർ വധശിക്ഷ ദിനം കാത്തുകിടക്കുന്നു.