കാളിദാസ് നായകനാകുന്ന രജനി എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ഒരഭിമുഖത്തിലാണ് ലക്ഷ്മി ഈ സന്തോഷം പങ്കുവച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ…
ജയറാമേട്ടനും പാര്‍വതിയും ചക്കിയും മാത്രമല്ല, ഞാനും കണ്ണന് എന്നാണ് കാളിദാസിനെ വിളിക്കുന്നത്. കൊച്ചുകൊച്ചു സന്തോഷങ്ങളുടെ ലൊക്കേഷനില്‍ ജയറാമേട്ടന്റെ കൈവിരലില്‍ തൂങ്ങി നടന്ന കണ്ണന്റെ മുഖം ഇപ്പോഴും മനസിലുണ്ട്.
അന്ന് കണ്ണന് ചെറിയ കുട്ടി. എനിക്ക് ഇഷ്ടമായിരുന്നു ആ കുട്ടിത്തം. നല്ല ഭംഗിയുള്ള മുഖം. കണ്ണന്റെ അഭിനയം എന്നെ അദ്ഭുതപ്പെടുത്തി.
സിനിമയില്‍ കണ്ണനന്റെ അച്ഛനും അമ്മയുമായി ജയറാമേട്ടനും ഞാനും. ജയറാമേട്ടനും കണ്ണനും ചേര്‍ന്നായിരുന്നു കോന്പിനേഷന് സീനികളില്‍ അധികവും.
അധികം സീനുകളില്ലായിരുന്നു ഞാനും കണ്ണനും തമ്മില്‍. വളരുന്പോള്‍ കണ്ണന് സിനിമയില്‍ തന്നെ ഉണ്ടാവുമെന്ന് അന്നേ തോന്നിയിരുന്നു.
ഒരു മകനോട് എന്ന വാത്സല്യം അന്നും ഇന്നും കണ്ണനോട് തോന്നാറുണ്ട്. മാത്രമല്ല ആദ്യമായി അഭിനയിച്ചത് അമ്മയും മകനുമായും. എന്റെ കണ്മുന്നില് വളര്‍ന്ന കുട്ടിയാണ് കണ്ണന്.
ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അതിലെ താരങ്ങളുമായി സൗഹൃദം നിലനിറുത്താന്‍ പലപ്പോഴും കഴിയില്ല. എന്നാല്‍ ജയറാമേട്ടനെയും കുടുംബത്തെയും പലേടത്തും കണ്ടു.
വിദേശ സ്റ്റേജ് പരിപാടികള്‍ക്ക് കുടുംബ സമേതമാണ് ജയറാമേട്ടന് എത്തുക. കണ്ണനും ചക്കിയുമായി അപ്പോള്‍ കൂടുതല്‍ അടുത്തു. ഒന്നിച്ച് ഭക്ഷണം കഴിച്ചു.
കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അഭിനയിക്കാന്‍ കാരണം ലോഹിസാറാണ്. നര്‍ത്തകിയുടെ കഥാപാത്രമാണെന്നും സത്യന് അന്തിക്കാട് പ്രതിഭാധനനായ സംവിധായകനാണെന്നും ആ സിനിമ ഉപേക്ഷിക്കരുതെന്നും ലോഹിസാര്‍ ഓര്‍മ്മപ്പെടുത്തി.
ഭാനുപ്രിയയും ഒപ്പമുള്ള നൃത്തരംഗം മറക്കാന്‍ കഴിയില്ല. 21 വര്‍ഷം കഴിഞ്ഞു ഇപ്പോള്‍ മറ്റൊരു അത്ഭുതം. കണ്ണന് നായകനായി എത്തുന്ന രജനി എന്ന ചിത്രത്തില്സുപ്രധാന കഥാപാത്രമായി അഭിനയിക്കാന്‍ കഴിഞ്ഞു. കണ്ണന് നായകനായി അഭിനയിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.