കണ്ണൂർ: താവക്കര വെസ്റ്റ് അങ്കണവാടിയിൽ വീണ്ടും കള്ളൻ കയറി. അങ്കണവാടിയുടെ പിൻവശത്തെ സീലിംഗ് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്.
അടുക്കളയിൽ കയറി കഞ്ഞി വച്ച് കുടിച്ചതിനുശേഷം മുട്ട, ചെറുപയർ എന്നിവയും പാചകം ചെയ്ത് കഴിച്ചു.
കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങൾ മുഴുവൻ നശിപ്പിച്ചനിലയിലാണ്. അങ്കണവാടിയിലെ വാട്ടർ പ്യൂരിഫയർ കവർന്നു.
വെള്ളത്തിന്റെ പൈപ്പുകളും ഇളക്കിമാറ്റാൻ ശ്രമിച്ചനിലയിലാണ്. സമീപത്തായി രണ്ട് സ്പാനറുകളും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
പൂജ അവധിക്കുശേഷം അങ്കണവാടി ഹെൽപ്പറെത്തി തുറന്നപ്പോഴാണ് കള്ളൻ കയറിതായി ശ്രദ്ധയിൽപ്പെട്ടത്.
കഴിഞ്ഞ മാസം ഓണാവധി നാളിലും ഇവിടെ കള്ളൻ കയറുകയും ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയും ചെയ്തിരുന്നു.
ഇത് മൂന്നാം തവണയാണ് നഗരത്തിലെ രണ്ട് അങ്കണവാടികളിലായി കള്ളൻ കയറിയത്. അങ്കണവാടി വർക്കർ ജെയ്സയുടെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.