പാലക്കാട്: കാത്തിരുന്ന സ്വർണക്കപ്പ് ഇനി പാലക്കാടിന് സ്വന്തം. 59-ാമത് സ്കൂൾ കലോൽസവകിരീടമാണ് 12 വർഷത്തിനു ശേഷം ജില്ലയ്ക്ക് സ്വന്തമായിരിക്കുന്നത്. തുടർച്ചയായി 12 വർഷം ജേതാക്കളായ കോഴിക്കോടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ തോൽപിച്ചാണ് ജില്ല സ്വർണകപ്പ് സ്വന്തമാക്കിയത്.
അകത്തേത്തറ ശബരി ആശ്രമത്തിൽ ഗാന്ധിജിയുടെ 150-ാമത് ജന്മവാർഷികത്തിന്റെയും 70-ാമത് രക്തസാക്ഷി വാർഷികത്തിന്റെയും അനുസ്മരണമായ രക്തസാക്ഷ്യം-2019 വേദിയിലാണ് സ്വർണകപ്പ് മന്ത്രി എ.കെ.ബാലനിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങിയത്.
പാലക്കാടിന്റെ ചരിത്രത്തിലെ മൂന്നാമത്തെ കലോൽസവ കിരീടമാണിത്. 12 വർഷങ്ങൾക്കു മുന്പ് 2006 ലാണ് ജില്ല ആദ്യമായി കപ്പ് സ്വന്തമാക്കിയത്. എറണാകുളത്ത് നടന്ന 46-ാമത് കലോൽസവത്തിൽ ആദ്യമായി കപ്പ് നേടിയതിന് ശേഷം 2015ലാണ് രണ്ടാമത്തെ കപ്പ് നേടിയത്. എന്നാൽ കോഴിക്കോട് നടന്ന കലോൽസവത്തിൽ തുല്യ പോയിന്റ് നേടിയ കോഴിക്കോടിനൊപ്പം കിരീടം പങ്കിടുകയായിരുന്നു. എം.ബി.രാജേഷ് എം.പി, ഷാഫി പറന്പിൽ എം.എൽ.എ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.