തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെയും താഴേക്കിടയിലുള്ള കലോത്സവങ്ങളുടേയും വിധികർത്താക്കൾക്കുള്ള യോഗ്യതകൾ കടലാസിൽ മാത്രം ഒതുങ്ങുന്നു. ആവശ്യമായ യോഗ്യതയുടെ ഏഴയലത്തുപോലും എത്താത്ത പലരും വിധികർത്താക്കളുടെ സ്ഥാനത്ത് അവരോധിക്കപ്പെട്ടതായി കലോത്സവത്തിലെ വ്യാജ അപ്പീൽ കേസുകൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ബോധ്യമായിട്ടുണ്ട്.
കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുഡി മത്സരത്തിന്റെ വിധിനിർണയം അട്ടിമറിച്ചുവെന്ന ആരോപണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അന്ന് വിധികർത്താക്കളെക്കുറിച്ചും വിശദമായ അന്വേഷണം ഇവർ നടത്തിയിരുന്നു. അതിലാണ് യോഗ്യതകൾ കടലാസിൽ മാത്രമേയുള്ളുവെന്നും മത്സരഫലം നിർണയിക്കാനെത്തുന്നവരിൽ ചിലർക്ക് കലാമേഖലയുമായി യാതൊരു ബന്ധം പോലുമില്ലാത്തവരുണ്ടെന്നും സൂചനകൾ ലഭിച്ചത്.
എന്നാൽ ഇതെങ്ങിനെ സാധിക്കുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തത കൈവന്നിട്ടില്ല. വിധികർത്താക്കൾ അവസാന നിമിഷം പിൻമാറുന്നതുകൊണ്ടാണ് ഓട്ടോ ഡ്രൈവറും കണ്ടക്ടറുമൊക്കെ വിധികർത്താക്കളായി എത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും വിധികർത്താക്കളുടെ പാനലിൽ നിന്ന് ആളുകളെ കണ്ടെത്താതിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. വിധികർത്താക്കൾ പിൻമാറിയാലും റിസർവ് വിധികർത്താക്കൾ പാനലിലുണ്ടാകും. ഇവരെയെല്ലാം മറികടന്ന് യാതൊരു യോഗ്യതയുമില്ലാത്തവരെ വിധികർത്താക്കളാക്കിയതിന്റെ രഹസ്യമാണ് പിടികിട്ടാത്തത്.
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന നിമിഷം എട്ട് വിധികർത്താക്കൾ പിൻമാറിയപ്പോൾ പാനലിൽ നിന്നും വിധികർത്താക്കളെ നിശ്ചയിച്ച് മത്സരം നടത്തുകയായിരുന്നു.യാതൊരു യോഗ്യതയുമില്ലാത്ത വിധികർത്താക്കളെ മത്സരഫലം നിർണയിക്കാൻ കൊണ്ടുവന്നിരുത്തുന്പോൾ സാധാരണഗതിയിൽ രക്ഷിതാക്കളോ മറ്റു വിധികർത്താക്കളോ ഇടപെടാറുണ്ട്. ഇതും കണ്ണൂരിൽ നടന്നിട്ടില്ല. ബാലാവകാശ കമ്മീഷന്റെ വ്യാജ അപ്പീലുകൾ സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തുന്നതിനിടെയാണ് ഇപ്പോൾ ഓട്ടോഡ്രൈവർ കണ്ണൂരിലെ കലോത്സവത്തിൽ നൃത്തത്തിന്റെ വിധികർത്തവായി എത്തിയെന്ന് തെളിഞ്ഞിരിക്കുന്നത്.
ഇതോടെ കണ്ണൂർ കലോത്സവം കോഴവിവാദത്തിനു പുറകെ വ്യാജ വിധികർത്താവിന്റെ പേരിലും വിവാദത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കണ്ണൂർ കലോത്സവത്തിലെ വിധിനിർണയം വിജിലൻസ് കർശനമായി നിരീക്ഷിച്ചിരുന്നുവെങ്കിലും ഓട്ടോ ഡ്രൈവറെ അവർക്കും കുടുക്കാനായില്ലെന്നുവേണം കരുതാൻ. പരാതകളില്ലാത്തതിനാൽ ഇയാൾക്കെതിരെ കേസെടുക്കാനും സാധിച്ചിട്ടില്ല.
ഓട്ടോ ഡ്രൈവറെ പോലെ മറ്റു മേഖലകളിൽ ജോലി ചെയ്യുന്ന കലാപരമായ യാതൊരു അറിവും ഇല്ലാത്ത പലരും ഇത്തരത്തിൽ വിധികർത്താക്കളായി എത്തിയെന്ന സംശയം ബലപ്പെട്ടതോടെ കണ്ണൂരിലേയും അതിനു മുൻപും കലോത്സവം നടന്നപ്പോഴത്തെ വിധികർത്താക്കളുടെ വിശദമായ ലിസ്റ്റ് ക്രൈംബ്രാഞ്ച് പരിശോധിക്കാൻ ഒരുങ്ങുകയാണ്. പരാതികളൊന്നുമില്ലെങ്കിലും ഇതെക്കുറിച്ച് അന്വേഷിച്ച് ഒരു ശുദ്ധികലശം നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിർദ്ദേശിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം നടക്കും മുൻപ് വിധികർത്താക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്. എങ്ങിനെ സുതാര്യമായി വിധികർത്താക്കളെ നിശ്ചയിക്കാമെന്നതിനെക്കുറിച്ച് സജീവ ചർച്ചയും ആരംഭിച്ചിട്ടുണ്ട്.
കലോത്സവം മത്സരഛായയിൽ നിന്ന് ഒഴിവാക്കിയതു പോലെ വിധിനിർണയിക്കുന്നവരെ ഒഴിവാക്കി കലാപ്രകടനം നടത്താനുള്ള ഉത്സവമായി കലോത്സവത്തെ മാറ്റണമെന്ന അഭിപ്രായവും ചില കോണുകളിൽ നിന്നുയർന്നിട്ടുണ്ട്.
സംഘാടകരുടെ വ്യക്തമായ ഇടപെൽ തന്നെയാണ് ഇത്തരത്തിലുള്ള കള്ളക്കളിക്ക് വഴിയൊരുക്കിയതെന്ന് സംശയിക്കുന്നവരും കുറവല്ല.