തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സ്കൂൾ കലോത്സവം ഉപേക്ഷിച്ചേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി പൊതു വിദ്യാഭ്യാസ ഡയറക്ടർ. തിയതി മാറ്റി ആർഭാടം കുറഞ്ഞ രീതിയിൽ കലോത്സവം നടത്തുമെന്നും മറിച്ചുള്ള റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ലെന്നും കെ.വി.മോഹൻകുമാർ ഐഎഎസ് അറിയിച്ചു.
പ്രളയക്കെടുതിയിൽ നട്ടം തിരിയുന്ന ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒട്ടേറെ സ്കൂളുകളിൽ വെള്ളം കയറുകയും കുട്ടികൾ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന വേളയിൽ കലോത്സവം നടത്തണോ എന്നതാണ് ഉയർന്നിരിക്കുന്ന ആശയക്കുഴപ്പം. ഇക്കാര്യത്തിൽ അധ്യാപക സംഘടനകളുടെ അഭിപ്രായമറിയാൻ സർക്കാർ ഏഴിന് ഗുണമേ·ാ പരിശോധനാസമിതി യോഗം വിളിച്ചതായാണ് റിപ്പോർട്ട്.
ഡിസംബർ അഞ്ച് മുതൽ ഒന്പതുവരെ ആലപ്പുഴയിൽ സംസ്ഥാന സ്കൂൾ കലാമേളയും ഒക്ടോബർ അവസാനം കണ്ണൂരിൽ പ്രവൃത്തിപരിചയ മേളയും നടത്താനായിരുന്നു തീരുമാനം. കലോത്സവത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വമുണ്ടെങ്കിലും സംസ്ഥാന സ്കൂൾ കായികമേള നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.