ആലപ്പുഴ: ജില്ല ആതിഥ്യമരുളുന്ന 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിളംബരം ഉണർത്തി ബീച്ചിൽ വലിയ കാൻവാസിൽ വർണ വിസ്മയം തീർത്ത് കുരുന്നുകൾ.പ്രളയത്തെ അതിജീവിച്ച ജില്ലയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലോത്സവത്തിനു മുന്നോടിയായാണ് വലിയ കാൻവാസിൽ പെയിന്റിംഗ് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചത്.
യുവജനോത്സവത്തിനു വിളംബരം അറിയിച്ചുകൊണ്ടുള്ള വർണോത്സവത്തിൽ പങ്കെടുക്കാൻ നിരവധി വിദ്യാർഥികളാണ് ബീച്ചിലെത്തിയത്. പലരും പ്രളയവും ആഘോഷവും ഇടകലർത്തി തങ്ങളുടെ സർഗവാസന വലിയ കാൻവാസിലേക്ക് പകർത്തി.
ബീച്ചിൽ സംഘടിപ്പിച്ച കാൻവാസ് പെയിൻറിംഗ് സംസ്ഥാന യുവജനോത്സവത്തിന്റെ സംഘാടകസമിതിയുടെ വർക്കിംഗ് ചെയർമാൻകൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ. കുമാർ എന്നിവർ സന്നിഹിതരായി.
വിശാലമായ കാൻവാസിൽ ചിത്രം വരച്ചുകൊണ്ടാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പരിപാടിക്ക് തുടക്കമിട്ടത്. വിദ്യാഭ്യാസ വകുപ്പും കലാകാരൻമാരുടെ കൂട്ടായ്മയായ ഹാർമണിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.