ആലപ്പുഴ: കലയുടെ മാമാങ്കത്തിന് തിരശീല ഉയരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ കിഴക്കിന്റെ വെനീസിലേക്ക് പ്രതിഭകൾ ഒഴുകിത്തുടങ്ങി. നാളെ മുതൽ നഗരത്തിന്റെ വിവിധയിടങ്ങളിലായുള്ള 29 വേദികളും ചിലങ്കയണിയും. മത്സരങ്ങൾ നാളെ രാവിലെ ഒന്പതുമുതൽ തന്നെ ആരംഭിക്കും.
പതിവ് ഉദ്ഘാടന ചടങ്ങുകൾ ഒന്നും തന്നെയില്ല. മന്ത്രിമാർക്കു പകരം 59-ാമത് കലോത്സവത്തിന് 59 കുട്ടികൾ മണ്‍ചെരാതുകൾ തെളിയിച്ചാണ് ഉദ്ഘാടനം. ലളിതവും ഗംഭീരവുമെന്ന മുദ്രാവാക്യമുയർത്തി പരമാവധി ചെലവു ചുരുക്കിയാണ് ഇത്തവണത്തെ കലോത്സവം. അതുകൊണ്ടുതന്നെ ഘോഷയാത്രയും ഇക്കുറിയില്ല.
പണച്ചെലവില്ലാതെ ഒരുക്കിയ സ്വാഗതഗാനവും സൈക്കിൾറാലികളുമൊക്കെയാണ് കലോത്സവത്തെ വരവേൽക്കുന്നത്. മത്സരങ്ങൾ അഞ്ചിൽ നിന്നും മൂന്നാക്കിയും ചുരുക്കി. രചനാമത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ മത്സരങ്ങളുമില്ല. ജില്ലാതല വിജയികളുടെ രചനകൾ സംസ്ഥാനതലത്തിൽ മൂല്യനിർണയം നടത്തിയാണ് വിജയികളെ തീരുമാനിക്കുക.
പന്തലുകളുണ്ടാകില്ലെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഒന്നാംവേദിയായ ലിയോ തേർട്ടീന്തിൽ മൂവായിരത്തോളം പേർക്ക് ഇരിക്കാവുന്ന തരത്തിൽ 15,000 ചതുരശ്രയടി വിസ്തീർണത്തിൽ പന്തൽ ഒരുക്കുന്നുണ്ട്.മത്സരാർഥികൾക്കുള്ള രജിസ്ട്രേഷൻ ആലപ്പുഴ എസ്ഡിവി ബോയ്സ് സ്കൂളിൽ ആരംഭിച്ചു.
ഓരോ ജില്ലയ്ക്കും രജിസ്ട്രേഷനായി ഓരോ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ കൗണ്ടറിലും നാല് അധ്യാപകരുമുണ്ട്. നഗരത്തിൽ തന്നെയുള്ള സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലായി പന്ത്രണ്ട് കേന്ദ്രങ്ങളാണ് മത്സരാർത്ഥികളുടെ താമസത്തിനായി തയാറാക്കിയിരിക്കുന്നത്. തുന്പോളി മാതാ സെൻട്രൽ സ്കൂൾ, കളർകോട് എസ്ഡി കോളജ് എന്നീ കേന്ദ്രങ്ങളാണ് മത്സരത്തിനെത്തുന്ന പെണ്‍കുട്ടികളുടെ താമസത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.
വിവിധ ജില്ലകളിൽ നിന്നെത്തുന്ന മത്സരാർഥികൾക്കായി പ്രത്യേകമായി തന്നെ സ്കൂളുകൾ തയാറാക്കി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തുന്നവർക്കായി ഗതാഗത കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക കിയോസ്കുകളുമുണ്ട്.
മത്സരാർത്ഥികളെ സഹായിക്കാനായി സന്നദ്ധ പ്രവർത്തകരായ പ്രാദേശിക യുവാക്കളെ കണ്ടെത്തി അക്കോമഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സേനയ്ക്കും രൂപം നൽകിയിരുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലും, കഐസ്ആർടിസി സ്റ്റാൻഡിൽ നിന്നും കലോത്സവത്തിനെത്തുന്നവരെ അവരുടെ താമസ സ്ഥലങ്ങളിലേക്കും,ഭക്ഷണ ശാലകളിലേക്കും വിവിധ വേദികളിലേക്കും എത്തിക്കുന്നതിനുമായി സ്കൂൾ ബസുകളടക്കം 20 ഓളം വാഹനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതോടൊപ്പം വേദികളിൽ നിന്നും വേദികളിലേക്ക് മത്സരാർഥികൾക്ക് എളുപ്പത്തിൽ എത്താനായി പ്രത്യേക ഭൂപടവും സംഘാടകസമിതി തയാറാക്കിയിട്ടുണ്ട്.കലോത്സവത്തിനെത്തുന്ന കുട്ടികൾക്ക് ഇന്ന് രാത്രി മുതൽ ഭക്ഷണം വിളന്പും. ഇഎംഎസ്സ്റ്റേഡിയത്തിൽ രാത്രി എട്ടു മുതലാണ് ഭക്ഷണം വിളന്പുക. 10 മണിവരെ ഭക്ഷണം നൽകും.
രജിസ്ട്രേഷൻ പൂർത്തീകരിക്കുന്ന എല്ലാവർക്കും അത്താഴം ഒരുക്കിയിട്ടുണ്ടെന്ന് കലോത്സവത്തിലെ ഭക്ഷണ ചുമതലയുള്ള കണ്‍വീനർ പി.ഡി. ശ്രീദേവി പറഞ്ഞു. ഉൗണും ഒരു ഒഴിച്ചുകറിയും അവിയൽ, തോരൻ, അച്ചാർ എന്നിവയടങ്ങുന്നതാണ് ഇന്നത്തെ രാത്രി ഭക്ഷണം. നാലായിരത്തോളം പേർ ഭക്ഷണം കഴിക്കാനെത്തും എന്നാണ് പ്രതീക്ഷ. അഞ്ചുകൂട്ടം കറിയടക്കം മൂന്നുദിവസവും ഉൗണു നല്‍കും.
രണ്ടുതരം ഒഴിച്ചുകറി, അവിയൽ അല്ലെങ്കിൽ കൂട്ടുകറി, തോരൻ, അച്ചാർ എന്നിങ്ങനെയായിരിക്കും കറികൾ. ഗോതന്പ്, അരി പായസങ്ങളും സദ്യയ്ക്ക് രൂചിയേറ്റും. അവസാന ദിനത്തിൽ അന്പലപ്പുഴ പാൽപ്പായസം തന്നെ ലഭ്യമാക്കാനാണ് പദ്ധതി. പുട്ട്, ഉപ്പുമാവ്, ഇഡ്ഢലി എന്നിങ്ങനെയായിരിക്കും പ്രഭാതഭക്ഷണം. വൈകുന്നേരം ചായയും ചെറുപലഹാരവും നല്‍കും.
രാത്രിയിലും ഉൗണ് തന്നെയായിരിക്കും. വിതരണം ബുഫെ രീതിയിലുമാകും. വിവിധ കുടുംബശ്രീ യൂണിറ്റുകളുടെയും സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സഹായത്താലും 30 വേദികളിലും തിളപ്പിച്ചാറ്റിയ വെള്ളം വിതരണം ചെയ്യും