തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് സ്കൂൾ കലോത്സവം ഡിസംബറിൽ. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തെ തുടർന്നു ആഘോഷങ്ങൾ ഒഴിവാക്കിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ആലപ്പുഴയിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഇത്തവണ കലോത്സവത്തിന് ഉദ്ഘാടന-സമാചന ചടങ്ങുകൾ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
എൽപി-യുപി കലോത്സവങ്ങൾ സ്കൂൾ തലത്തിൽ അവസാനിക്കും. കലോത്സവത്തിലെ ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്കാണെന്നും അദ്ദേഹം പറഞ്ഞു. കായിക മേള അടുത്തമാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ശാസ്ത്രമേള നവംബറിൽ കണ്ണൂരിൽ നടത്തുമെന്നും സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബറിൽ കൊല്ലത്തുവച്ച് സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ, സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തം നേരിട്ടതിനേത്തുടർന്ന് ആഘോഷങ്ങൾ എല്ലാം തന്നെ വേണ്ടെന്നു വയ്ക്കുകയാണെന്നും ഇതിന്റെ ഭാഗമായി സ്കൂൾ കലോത്സവം, സർവകലാശാല കലോത്സവങ്ങൾ, അന്തരാഷ്ട്ര ചലച്ചിത്രമേള എന്നിവ ഇക്കൊല്ലം നടത്തില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെട്ടതോടെ മുൻ തീരുമാനം മാറ്റുകയായിരുന്നു.
കുട്ടികളുടെ ഗ്രേസ്മാർക്ക് നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഇതേത്തുടർന്നാണ് സർക്കാർ തീരുമാനം തിരുത്തിയത്.