തലയോലപ്പറമ്പ്: അരളി തലയില്‍ ചൂടിയ ടീമിന് മാര്‍ക്ക് നല്‍കാനാവില്ലെന്ന വിധികര്‍ത്താക്കള്‍. ഇതുകേട്ട് അരളി ചൂടിയ കുച്ചിപ്പുടിക്കാര് തലയില്‍ കൈവച്ചു. പ്രതിഷേധ നൃത്തത്തിന് വേദിക്കു മുന്നില്‍ മത്സാര്‍ഥികള്‍ എത്തിയതോടെ കുച്ചിപ്പുടി വേദിയില്‍ സംഘര്‍ഷം.
ഒടുവില്‍ പോലീസെത്തി. നന്നായി കളിച്ചിട്ടും ഒന്നാം സ്ഥാനം നല്‍കിയില്ലെന്നാരോപിച്ച് മത്സരാര്ഥികളും അധ്യാപകരും രക്ഷിതാക്കളും ശക്തമായി പ്രതിഷേധിച്ചു. തങ്ങളുടെ റിമാര്‍ക്സ് എന്താണന്ന് പറയണമെന്നായിരുന്നു പരാജയപ്പെട്ടവരുടെ ആവശ്യം. പോരായ്മകള്‍ പരസ്യമാക്കാനാവില്ലെന്ന് വേദിയുടെ ചുമതലക്കാരായ സംഘാടകരും പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ വിധികര്‍ത്താക്കള്‍ കുറ്റം അരളിപ്പൂവിനുമേല് ചാരി. ഇതോടെ മത്സാര്‍ഥികള്‍ ജഡ്ജിമാരുടെ മുമ്പില്‍ പ്രതിഷേധ നൃത്തം ചവിട്ടാനൊരുങ്ങി. ഡിഇഒ എ.സി. സീന ഇടപെട്ടിട്ടും പിന്മാറാതെ വന്നോതോടെയാണ് പോലീസെത്തി പരാതികള്‍ നല്കാന് അവസരമുണ്ടെന്ന് പറഞ്ഞ് ഇവരെ പിന്തിരിപ്പിച്ചത്.
ഇതേത്തുടര്‍ന്ന് യുപി വിഭാഗം മത്സരം വൈകിയാണ് ആരംഭിച്ചത്. മത്സരത്തിനിടെ വിധി കര്‍ത്താക്കള്‍ പരസ്പരം സംസാരിച്ചെന്നും ഫോണ്‍ ഉപയോഗിച്ചെന്നും ആരോപിച്ച് തുടക്കത്തില്‍ ബഹളമുണ്ടാകുകയും വിധികര്‍ത്താക്കളുടെ ഫോണ്‍ സംഘാടകര്‍ വാങ്ങി വയ്ക്കുകയും മാറ്റി ഇരുത്തുകയും ചെയ്തിരുന്നു.