കോട്ടയം: ഉപജില്ലാ കലോത്സവത്തില്‍ വിവിധ നൃത്ത മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്തു സിഡിയിലാക്കി നല്‍കണമെന്ന നിബന്ധന വിദ്യാര്‍ഥികളെ വലയ്ക്കുന്നതായി പരാതി.
ഒട്ടുമിക്ക വിദ്യാര്‍ഥികളും പാട്ടുകള്‍ പെന്‍ഡ്രൈവിലാക്കിയാണ് ഇപ്പോള്‍ പരിശീലനമുള്‍പ്പെടെ നടത്തുന്നത്. സിഡികള്‍ കൊണ്ടു നടക്കാനും പാട്ടുകള്‍ റൈറ്റ് ചെയ്യാനുള്ള വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടു കാരണമാണ് പലരും സിഡികള്‍ ഉപേക്ഷിച്ചു പെന്‍ഡ്രൈവിലേക്കു മാറിയിരിക്കുന്നത്.
തന്നെയുമല്ല സിഡിലാക്കിയിരിക്കുന്ന പാട്ടുകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ സിഡി പ്ലെയറും ആവശ്യമാണ്. ഇപ്പോള്‍ സിഡി പ്ലെയർ ആരും ഉപയോഗിക്കാത്ത സാഹചര്യമാണ്.
പെന്‍ഡ്രൈവാണെങ്കില്‍ മൊബൈല്‍ ഫോണില്‍ പോലും കണക്റ്റ് ചെയ്തു വിദ്യാര്‍ഥികള്‍ക്കു പരീശീലനം നടത്താനാകും.
ഈ സാഹചര്യത്തില്‍ സിഡികളില്‍ പാട്ടുകള്‍ എത്തിക്കണമെന്ന് അധ്യാപകരുടെ നിര്‍ബന്ധം ഒഴിവാക്കി പെന്‍ഡ്രൈവില്‍ പാട്ടുകള്‍ സ്വീകരണമെന്ന് വിദ്യാര്‍ഥികളും മാതാപിതാക്കളും ആവശ്യപ്പെട്ടു.
എന്നാല്‍ ജില്ലയിലെ ചില സബ് ജില്ലകളില്‍ സിഡിയും പെന്‍ഡ്രൈവും സ്വീകരിക്കുന്നുണ്ടെന്നും സ്റ്റേജ് മാനേജര്‍മാര്‍ക്കു കൈകാര്യം ചെയ്യുന്ന കാര്യമാണിതെന്നും അധ്യാപകര്‍ പറഞ്ഞു.