തൃശൂർ: ജനുവരി ആറുമുതൽ 10 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പന്തലിനു കാൽനാട്ടി. തേക്കിൻകാട് എക്സിബിഷൻ മൈതാനിയിൽ ഒരുക്കുന്ന പ്രധാനവേദിയുടെ കാൽനാട്ടുകർമം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷയായി.
പി.കെ. ബിജു എംപി, എംഎൽഎമാരായ അനിൽ അക്കര, മുരളി പെരുനെല്ലി, കെ.വി. അബ്ദുൾഖാദർ, കെ. രാജൻ എന്നിവർ മുഖ്യാതിഥിയായി. രണ്ടു വേദികൾക്കുള്ള സ്ഥലങ്ങളാണു തേക്കിൻകാട് മൈതാനിയിൽ തീരുമാനിച്ചിരിക്കുന്നത്. മൂന്നാമത് ഒരു വേദിക്കുകൂടി ആലോചനയുണ്ട്.
പ്രധാനവേദിക്കായി 35,000 സ്ക്വയർ ഫീറ്റിലാണു പന്തൽ ഒരുക്കുന്നത്. കലോത്സവ പ്രദർശനത്തിനായി 10,000 സ്ക്വയർഫീറ്റിന്റെ പന്തലും മൈതാനിയിൽ സജ്ജീകരിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ടൗണ്‍ഹാളിൽ കരിയർ എക്സ്പോയും ഉദ്ഘാടന ദിനം ദൃശ്യവിസ്മയവും സംഘടിപ്പിക്കും.