കണ്ണൂർ: 57-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് 16ന് കണ്ണൂരിൽ തിരിതെളിയും. 16ന് രാവിലെ 9.30ന് പ്രധാന വേദിയായ പോലീസ് മൈതാനിയിൽ (നിള) വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ കലോത്സവ പതാക ഉയർത്തുന്നതോടെ ഏഴ് രാപ്പകലുകൾ നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിന് കണ്ണൂർ സാക്ഷ്യം വഹിക്കും.
വൈകുന്നേരം നാലിന് നടക്കുന്ന കലോത്സവ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനം 22ന് വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. 57-ാംമത് കലോത്സവത്തെ പ്രതിനിധീകരിച്ച് 57 സംഗീത അധ്യാപകർ സ്വാഗത ഗാനം ആലപിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് മൈക്കിൾസ് ആഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയിൽ കണ്ണൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പ്ലോട്ടുകൾ അണിനിരക്കും. ഏഴ് ദിവസം നടക്കുന്ന കലോത്സവത്തിൽ 20 വേദികളിലായി 232 ഇനങ്ങൾ അരങ്ങേറും. 12,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
കലോത്സവത്തിന്റെ ഭാഗമായി 17 മുതൽ 22 വരെ സ്റ്റേഡിയം കോർണറിലെ (മയ്യഴി) വേദിയിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും. സാംസ്കാരിക പരിപാടി 17ന് വൈകുന്നേരം അഞ്ചിന് കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ വിവിധ മേഖലകളിലെ പ്രതിഭകളുമായി സംവദിക്കും. 22ന് ഉച്ചക്ക് 12ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ ശ്രീനിവാസൻ മുഖ്യാതിഥിയാവും. അറബിക് കലാമേളയുടെ ഭാഗമായി 19ന് പണ്ഡിത സമാദാരണം പരിപാടിയുടെ ഭാഗമായി 16 അധ്യാപകരെ ആദരിക്കും. സംസ്കൃതോത്സവത്തിന്റെ ഭാഗമായി 21 ന് സംസ്കൃത സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.