കോഴിക്കോട്: കൗമാരകലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയുടെ വേദി ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കലോത്സവത്തെ വരവേൽക്കാനുള്ള കോഴിക്കോടിന്റെ ഒരുക്കങ്ങൾ എല്ലാം ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.
നാളെ രാവിലെ വിക്രം മൈതാനിയിൽ പതാക ഉയരുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിയും.
കലോത്സവത്തിനായി കോഴിക്കോട്ടെത്തുന്ന ടീമുകളുടെ രജിസ്ട്രേഷൻ കൗണ്ടർ രാവിലെ 10ന് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയതു.
കലോത്സവത്തിനായി കോഴിക്കോട് എത്തുന്ന ആദ്യ ജില്ലാ ടീമിന് റെയിൽവേ സ്റ്റേഷനിൽ റിസപ്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
രാവിലെ 10:30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോ നടത്തി.
അക്കോമഡേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് സ്കൂൾ കുട്ടികൾക്ക് താമസ സൗകര്യത്തിനായി തുറന്നുകൊടുത്തു.
കലോത്സവത്തിന്റെ സ്വർണക്കപ്പ് ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെത്തി. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ കപ്പ് ഏറ്റുവാങ്ങി.
10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും വരവേൽക്കും.
തുടർന്ന് രണ്ടു മണിക്കൂർ നേരത്തേക്ക് സ്വർണ്ണക്കപ്പ് മാനാഞ്ചിറ സ്ക്വയറിൽ പ്രദർശനത്തിന് വയ്ക്കും. വൈകുന്നേരം ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചിത്വമിഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള സന്ദേശയാത്ര സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്ന് ആരംഭിച്ച് വിക്രം മൈതാനിയിൽ അവസാനിക്കും.
അതിനുശേഷം വോളണ്ടിയർമാർ വിക്രം മൈതാനി ശുചീകരിച്ച് വേസ്റ്റ് ബിൻ സ്ഥാപിക്കും.