ബിജു കുര്യന്
പത്തനംതിട്ട: എംംജി സര്‍വകലാശാല കലോത്സവം (വേക്കപ് കോള്‍ 2022) ഇന്നു കൊടിയിറങ്ങുമെന്നിരിക്കേ തേവര എസ്എച്ച് കോളജ് കലാകിരീടത്തിലേക്ക്.
നാലുദിവസത്തെ മത്സരങ്ങളില്‍ നിന്നായി 88 പോയിന്റുകള്‍ തേവര കോളജ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന ചില മത്സരങ്ങളുടെ ഫലങ്ങള്‍ കൂടി വരാനുണ്ടെങ്കിലും രണ്ടാംസ്ഥാത്തുള്ള തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിന് 53 പോയിന്റും മൂന്നാമതുള്ള എറണാകുളം മഹാരാജാസിന് 47 പോയിന്റുമാണുള്ളത്.
2019ല്‍ തൊടുപുഴയില്‍ അവസാനം നടന്ന കലോത്സവം ഉള്‍പ്പടെ കഴിഞ്ഞ മൂന്നുതവണയും എസ്എച്ച് തന്നെയായിരുന്നുജേതാക്കള്. ഇത്തവണ വലിയ വെല്ലുവിളികള്‍ കൂടാതെയാണ് തേവര പോയിന്റു നിലയില്‍ മുന്നിലെത്തുന്നത്.
മറ്റ് കോളേജുകളുടെ പോയിന്റുനില: സിഎംഎസ് കോളജ് കോട്ടയം – 27, സിഎംഎസ് കോളജ് കോട്ടയം, സെന്റ് സേവ്യേഴ്സ് ആലുവ – 27, എസ്ബി കോളജ് ചങ്ങനാശേരി – 17, കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട – 16, ന്യൂമാന്‍ കോളജ് തൊടുപുഴ, നിര്‍മല കോളജ് മൂവാറ്റുപുഴ, ശ്രീശങ്കര കോളജ് കാലടി 15 വീതം.ഒപ്പന, മിമിക്രി, കഥാപ്രസംഗം മത്സരങ്ങളാണ ്ഇന്നു വേദികളില്‍ പ്രധാനമായും നടക്കുന്നത്.
തേജ സുനില്‍ തന്നെ മുന്നില്‍
പത്തനംതിട്ട: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന എംജി കലോത്സവത്തില്‍ തേജ സുനില്‍ കലാതിലകപട്ടം ചൂടിയേക്കും.
കോളജുകളുടെ രാജ്ഞിയെന്നറിയപ്പെടുന്ന എറണാകുളം സെന്റ് തെരേസാസ് കോളജിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറി കൂടിയായ തേജ ഇതു വരെ 10 പോയിന്റ് നേടികഴിഞ്ഞു. എറണാകുളം മഹാരാജാസിലെ ജ്യോത്സന നായര്‍ എട്ടു പോയിന്റുമായി രണ്ടാമതാണ്.
മൂന്നു മത്സരങ്ങളുടെ ഫലം പ്രഖ്യാപിക്കാനുമുണ്ട്. ഭരതനാട്യം, കേരളനടനം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക് ഡാന്‍സ് എന്നിവയിലാണ് തേജ മത്സരിച്ചത്.
ഇതില്‍ ഭരതനാട്യത്തിനും കേരളനടനത്തിനും ഒന്നാം സ്ഥാനം ലഭിച്ചു. ഫലം പ്രഖ്യാപിക്കാനുള്ള കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും ഫോക് ഡാന്‍സിലും നല്ല വിജയ പ്രതീക്ഷയാണ്. തര്‍ക്കങ്ങള്‍ ഉള്ളതിനാല്‍ ഈ ഫലങ്ങള്‍ താമസിക്കുന്നതാണ് കലാതിലകം തീരുമാനം ആകാത്തത്.
കോളജിലെ രണ്ടാം വര്‍ഷ ജന്തുശാസ്ത്ര വിദ്യാര്‍ഥിനിയായ തേജ സുനില്‍ കണ്ണൂര്‍ ഇടയ്ക്കാട് തേജശ്രീയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ സുനില്‍കുമാറിന്റെയും അധ്യാപികയയാ ശ്യാമ നമ്പ്യാരുടെയും മകളാണ്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്നു വര്‍ഷം കുച്ചിപ്പുടിക്കും ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കലാപ്രതിഭ: ഹരികൃഷ്ണന് മുന്നില്‍
പത്തനംതിട്ട: എംജി കലോത്സവം കലാപ്രതിഭ പട്ടത്തിനുവേണ്ടിയുള്ള മത്സരത്തില്‍ പാലാ സെന്റ് തോമസ് കോളജിലെ പി.ആര്. ഹരികൃഷ്ണനാണ് മുന്നില്‍. എട്ട് പോയിന്റുകള്‍ ഹരികൃഷ്ണന് നേടിയിട്ടുണ്ട്.
എറണാകുളം മഹാരാജാസിലെ കെ. അമല്‍നാഥാണ് ആണ്‍കുട്ടികളുടെ പോയിന്റു നിലയില്‍ രണ്ടാമത്. ആറ് പോയിന്റുകള്‍ അമല്നാഥിനുണ്ട്.
തന്വിക്കു പ്രത്യേക പുരസ്കാരം
പത്തനംതിട്ട: എംജി സര്‍വകലാശാല കലോത്സവത്തില്‍ ഇതാദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പ്രത്യേക പുരസ്കാരത്തിന് തൃപ്പൂണിത്തറ ആര്‍എല്‍വി കോളജിലെ തന്വി രാകേഷ് അര്‍ഹയാകും.
ആണ്, പെണ് വിഭാഗങ്ങള്‍ക്കു പ്രത്യേക മത്സരങ്ങളുള്ള എല്ലാ ഇനങ്ങളിലും ഇത്തവണ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനു മത്സരങ്ങളുണ്ടായിരുന്നു.
ഇതില്‍ ഭരതനാട്യം, ലളിത സംഗീതം മത്സരങ്ങളിലൂടെ എട്ട് പോയിന്റുകള്‍ നേടിയ തന്വി മുന്നിലെത്തി. മോണോ ആക്ടിലും തന്വി രാകേഷ് പൊതുവിഭാഗത്തില്‍ മത്സരിച്ചിരുന്നു. ആര്‍എല്‍വി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ്.
കലോത്സവം സംഘാടക സമിതിയാണ് പ്രത്യേക പുരസ്കാരം നല്‍കുന്നതെന്ന് വര്‍ക്കിംഗ് ചെയര്മാന് റോഷന് റോയ് മാത്യു പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഇത് സര്‍വകലാശാല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.